കണ്ണൂര്‍: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്ന് എവിടെ എത്തി നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് സ്വയം പരിശോധിക്കണം. എല്ലാ മതനിരപേക്ഷ ശക്തികളയും ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. ഹിന്ദുത്വ ശക്തിയെ എതിര്‍ക്കാന്‍ എല്ലാ ജനാധിപത്യ ശക്തികളെയും ഒരുമിപ്പിക്കണം. അതിന് സിപിഎം മുന്‍കൈയ്യെടുക്കും. എന്നാല്‍ ഏകാധിപത്യ സര്‍ക്കാരിനെതിരെയുള്ള സെമിനാറില്‍ പോലും പങ്കെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യെച്ചൂരിയുടെ വാക്കുകള്‍ –
കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് അവിസ്മരണീയവും മഹാവിജയവുമാണ്. ഇതിന് കണ്ണൂരിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നു. രാജ്യത്ത് വര്‍ഗീയ അജണ്ട നടപ്പിലാക്കുന്ന നിലയാണിപ്പോള്‍. ബിജെപി നടപ്പിലാക്കുന്നത് ആര്‍എസ്എസ് അജണ്ടയാണ്. ഈ വെല്ലുവിളികളെ സിപിഎം നേരിടും. ബിജെപിയും ആര്‍എസ്എസും നയിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാരിനെ എതിര്‍ക്കുക എന്നതാണ് സിപിഎമ്മിന്റെ മുഖ്യലക്ഷ്യം.
കണ്ണൂര്‍ വിപ്ലവ രക്തസാക്ഷികളുടെ മണ്ണാണ്. ഇവിടെ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ എല്ലാം ഒറ്റക്കെട്ടായിട്ടാണ് തീരുമാനിച്ചത്. കേരളത്തില്‍ മാത്രം ഒതുങ്ങുന്ന പാര്‍ട്ടി എന്ന് പ്രധാനമന്ത്രി പറയാറുണ്ട് എന്നാല്‍ ഇടതുപക്ഷത്തിന്റെ ശക്തി ഇല്ലാതാക്കാന്‍ ആവില്ല എന്ന് അദ്ദേഹത്തിന് അറിയാം. ഈ പാര്‍ട്ടിയെ ഇല്ലാതാക്കാം എന്ന് കരുതേണ്ട, ചെങ്കൊടി യുടെ ചരിത്രം ഓര്‍ക്കുക.
ഫാസിസത്തെ അവസാനിപ്പിച്ച ചരിത്രമാണ് ചെങ്കൊടിക്ക്. സിപിഎമ്മിന്റെ ശക്തിയെ അവര്‍ ഭയക്കുന്നു. സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താനാകില്ലെന്ന് ചരിത്രം പഠിച്ചാല്‍ അറിയാം. ഫാസിസത്തെ അവസാനിപ്പിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളത്. ഇടത് പക്ഷത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുകയെന്നതാണ് പ്രധാന അജണ്ട. ഇടത് ഐക്യം ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇടതുപക്ഷ ജനാധിപത്യ ഐക്യവും ശക്തിപ്പെടുത്തണം. എല്ലാ മതനിരപേക്ഷ ശക്തികളയും ഒന്നിപ്പിക്കും. ഹിന്ദുത്വ ശക്തിയെ എതിര്‍ക്കാന്‍ എല്ലാ ജനാധിപത്യ ശക്തികളെയും ഒരുമിപ്പിക്കണം. അതിന് സിപിഎം മുന്‍കൈയ്യെടുക്കും.
എന്നാല്‍ ഒരു വേദിയൊരുക്കി സെമിനാര്‍ വിളിച്ചാല്‍ പോലും വരില്ല എന്നതാണ് ചിലരുടെ നിലപാട്. അപ്പോള്‍ പിന്നെ എങ്ങനെ മതനിരപേക്ഷ ശക്തികള്‍ ഒന്നിക്കും. സെമിനാറില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ നടപടി എടുക്കുന്നു. മതനിരപേക്ഷ പാര്‍ട്ടി എന്ന പറച്ചില്‍ മാത്രമാണ് അവര്‍ക്കുള്ളത്. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എവിടെ നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് ആലോചിക്കണം.
ഹിന്ദി ഭാഷ നിര്‍ബന്ധമാക്കണമെന്ന് ആഭ്യന്തര മന്ത്രി പറയുന്നു. ഭാഷ അടിസ്ഥാനത്തില്‍ രൂപീകരിച്ച രാജ്യമാണ് ഇന്ത്യ. ഇത് ഫെഡറലിസത്തിന് വെല്ലുവിളിയാണ്. മനുഷ്യരെ മനുഷ്യരായി കാണുന്ന ഒരേഒരു സംസ്ഥാനമാണ് കേരളം. സൗഹാര്‍ദ്ദ അന്തരീക്ഷം ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നു. കേരള മോഡല്‍ രാജ്യത്ത് ഒട്ടാകെ വരേണ്ടതായിട്ടുണ്ട്. മതത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ആളുകളെ കാണുന്നില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ല മനുഷ്യനായി കാണുന്നു. കേരളം നല്ല ഇന്ത്യക്ക് വഴി തെളിക്കും. കേരളത്തിലെ ജനങ്ങള്‍ ചെങ്കൊടിയെ സ്‌നേഹിക്കുന്നു. ഇന്ത്യയില്‍ മാറ്റം സാധ്യമാണ്. ഒരുമിച്ച് നമ്മള്‍ക്ക് ഇന്ത്യയെ രക്ഷിക്കാം.