ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കണമെന്ന സീതാറാം യെച്ചൂരിയുടെ നിലപാടിനെതിരെ സി.പി.എം കേന്ദ്ര കമ്മറ്റി നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സ് സംഭവ ബഹുലമാകും. എപ്രില്‍ 18 മുതല്‍ 22 വരെയുള്ള തിയതികളില്‍ ഹൈദരബാദില്‍വെച്ചാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രകാശ് കാരാട്ട് വിഭാഗം തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിനെതിരെ ബംഗാള്‍ ഘടകം ബദല്‍ അവതരിപ്പിക്കാനും വോട്ടെടുപ്പ് നടപ്പാക്കാനും സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്.
പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ എത്തുന്ന പ്രതിനിധികളില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ കേരളത്തെ പ്രതിനിധീകരിച്ചാകും എന്നതിനാല്‍ കാരാട്ട് പക്ഷം ആത്മവിശ്വാസത്തിലാണ്. എന്നാല്‍ പുതിയ തലമുറയില്‍പ്പെട്ട കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ പ്രായോഗിക രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് യെച്ചൂരി വിഭാഗം.
പാര്‍ട്ടി കോണ്‍ഗ്രസ്സും തന്റെ നിലപാട് തള്ളിയാല്‍ സീതാറാം യച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമോ എന്ന കാര്യവും പ്രസക്തമാണ്. കേന്ദ്ര കമ്മറ്റിയില്‍ കരട് രേഖയില്‍ വോട്ടെടുപ്പ് വന്നപ്പോള്‍ തന്നെ രാജിക്ക് തയ്യാറായ യെച്ചൂരി പി.ബി അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്നോട്ട് പോയത്.
എന്നാല്‍ തീരുമാനങ്ങള്‍ വിശദീകരിച്ച പത്രസമ്മേളനത്തില്‍ കരട് രേഖയില്‍ അന്തിമ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റേതാണെന്ന് പറഞ്ഞ് പോരാട്ടത്തിന് പുതിയ പാതകൂടി യെച്ചൂരി തുറന്നിട്ടുവെന്നതും ശ്രദ്ധേയമാണ്. യെച്ചൂരിയുടെ ചില നിലപാടുകളോട് ശക്തമായ ഭിന്നതയുണ്ടെങ്കിലും സി.പി.എം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് യെച്ചൂരിയല്ലാത്ത ഒരു മുഖം കാരാട്ട് വിഭാഗത്തിന് മുന്നോട്ട് വയ്ക്കാനില്ലന്നതാണ് യാഥാര്‍ത്ഥ്യം.
യെച്ചൂരിക്ക് പുറമെ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ കാരാട്ട്, ഭാര്യ വൃന്ദ കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, ബി. വി രാഘവുലു, എം.എ.ബേബി, എ.കെ.പത്മനാഭന്‍ എന്നിവരാണ് ഡല്‍ഹി സെന്ററിന്റെ ഭാഗമായി പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.
ഇതില്‍ രാമചന്ദ്രന്‍ പിള്ളക്ക് 80 വയസ്സ് കഴിഞ്ഞതിനാല്‍ ഈ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പി.ബിയില്‍ നിന്നും ഒഴിവാകും. എം.എ.ബേബിയും പത്മനാഭനും പി.ബിയില്‍ താരതമ്യേന ജൂനിയറുമാണ്. വൃന്ദ കാരാട്ടിനെ പരിഗണിക്കാമെന്ന് കരുതിയാല്‍ കുടുംബവല്‍ക്കരണ ആക്ഷേപം വരുമെന്നതിനാല്‍ അതിനുള്ള സാധ്യതയും വളരെ കുറവാണ്.
ആന്ധ്രയില്‍ നിന്നുള്ള മുതിര്‍ന്ന പി.ബി.അംഗം ബി. വി രാഘവുലുവാണ് യെച്ചൂരി മാറുകയാണെങ്കില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്താന്‍ സാധ്യതയുള്ള പ്രധാന നേതാവ്. യെച്ചൂരിയെയോ പ്രകാശ് കാരാട്ടിനെയോ പോലെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു നേതാവിന്റെ അഭാവമാണ് സി.പി.എം നേരിടുന്ന ഇപ്പോഴത്തെ വെല്ലുവിളി.
കേരളത്തില്‍ നിന്നുള്ള പി.ബി അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, തൃപുരയില്‍ നിന്നുള്ള മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, ബംഗാളില്‍ നിന്നുള്ള പിബി അംഗങ്ങള്‍ തുടങ്ങിയവരൊന്നും തന്നെ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെടാത്തവരാണ്. അതാത് സംസ്ഥാനങ്ങളില്‍ ഒതുങ്ങിയാണ് ഈ നേതാക്കളുടെ പ്രവര്‍ത്തനം.
ഈ സാഹചര്യത്തില്‍ യച്ചൂരി തന്നെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്നാണ് ഇടത് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. മറിച്ചായാല്‍ പ്രകാശ് കാരാട്ട് പക്ഷത്തെ ബി. വി രാഘവുലുവിനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.
നിലവിലെ സിപിഎം പിബി അംഗങ്ങള്‍
- സീതാറാം യെച്ചൂരി
- സുഭാഷിണി അലി
- എംഎ ബേബി
- കോടിയേരി ബാലകൃഷ്ണന്‍
- ബിമന്‍ ബോസ്
- സുര്‍ജ കാന്ത് മിശ്ര
- ഹന്നാന്‍ മൊല്ലാഹ്
- ബൃന്ദാ കാരാട്ട്
- പ്രകാശ് കാരാട്ട്
- എ.കെ പത്മനാഭന്‍
- ബി. വി രാഘവുലു
- എസ് രാമചന്ദ്രന്‍ പിള്ളൈ
- ജി രാമകൃഷണന്‍
- മുഹമ്മദ് സലിം
- മാണിക് സര്‍ക്കാര്‍
- പിണറായി വിജയന്‍