ന്യൂഡല്‍ഹി : മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തികസംവരണം ഏര്‍പ്പെടുത്താനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം തെരഞ്ഞെടുപ്പ് തട്ടിപ്പ് മാത്രമാണെന്ന് സീതാറാം യെച്ചൂരി. ബില്ലിലെ വ്യവസ്ഥകളില്‍ വൈരുധ്യങ്ങളാണെന്നും യഥാര്‍ഥത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിലല്ല ബില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ഗീയ ധ്രുവീകരണത്തോടൊപ്പം ജാതി വികാരം കൂടി ഇളക്കിവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാര്‍ലമെന്ററി സംവിധാനത്തെ നോക്കുകുത്തിയാക്കുന്ന വിധത്തിലാണ് ബില്‍ കൊണ്ടുവന്നത്.അതേ സമയം മുന്നോക്ക വിഭാഗങ്ങളിലെ യഥാര്‍ഥ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതിനോട് സി പി ഐ എം യോജിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.
നിലവില്‍ പട്ടികജാതി പട്ടിക വര്‍ഗമടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആകെ 50 ശതമാനമാണ് ഭരണഘടനാപ്രകാരം സംവരണമുള്ളത്. ഇതിന് പുറമെയാണ് മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്കുള്ള 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം.
പിന്നാക്കവിഭാഗങ്ങളുടെ സംവരണാംശം കുറയ്ക്കാതെ സാമ്പത്തികസംവരണം നടപ്പാക്കുന്നത് അംഗീകരിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫും വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വിഎസ് വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
ബില്ല് നടപ്പാക്കുന്നതിന് പിന്നില്‍ ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ബില്ലിന്‍മേല്‍ രാജ്യവ്യാപകചര്‍ച്ച ആവശ്യമാണെന്നുമായിരുന്നു വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയത്്. എന്നാല്‍ സാമ്പത്തികസംവരണ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് സിപിഎം ഇന്നലെ അറിയിച്ചത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടിനെയാണ് വി എസ് തള്ളിപ്പറഞ്ഞിരിക്കുന്നത്.