ന്യൂഡല്‍ഹി: കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും യെച്ചൂരി പറഞ്ഞു.
രാജ്യമെമ്പാടും അന്വേഷണ ഏജന്‍സികളെ സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഉപയോഗിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിലും അതുതന്നെയാണ് സംഭവിക്കുന്നത്. കേന്ദ്രത്തിന്റെ ഈ നടപടിയില്‍ ഒരു അത്ഭുതവുമില്ല. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിക്കുന്ന സാഹചര്യത്തില്‍ അവര്‍ ആകെ പരിഭ്രാന്തരായിരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയുടെ മകനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തനിക്കറിയില്ല. കേന്ദ്ര ഏജന്‍സികളാണ് കേസുകള്‍ അന്വേഷിക്കുന്നത്. നിയമവിരുദ്ധമായി എന്തെങ്കിലും കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അവര്‍ അന്വേഷിച്ച് കണ്ടെത്തട്ടെ. കോടതിയില്‍ തെളിയിക്കട്ടെ. അത് അവരാണ് ചെയ്യേണ്ടത്. കേരളത്തിലെ ജനങ്ങള്‍ പ്രബുദ്ധരാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളിലെ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.