മംഗളൂരു: കാസര്‍കോട് കൊവിഡ് സാഹചര്യം ഗുരുതരമായതിനാല്‍ രോഗികളെ മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ. അതിര്‍ത്തി അടച്ചത് മുന്‍കരുതലിന്റെ ഭാഗമായാണ്. കേരളവുമായുള്ള നല്ല ബന്ധത്തെ ഇത് ബാധിക്കില്ലെന്നും യെദ്യൂരപ്പ ദേവഗൗഡയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മലയാളികള്‍ക്ക് ദക്ഷിണകന്നഡ ജില്ലയിലെ ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഇന്നലെ കര്‍ണാടക പിന്‍വലിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കരുതെന്ന് കാണിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവിറക്കിയത്. കൊവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഉത്തരവെന്നായിരുന്നു വിശദീകരണം. വ്യാപക വിമര്‍ശനം ഉയരുകയും മനുഷ്യാവകാശ ലംഘനമായി ചര്‍ച്ചയാവുകയും ചെയ്തതോടയാണ് ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.
ചികിത്സ വിലക്ക് നീക്കിയെങ്കിലും ഇതിന്റെ ഗുണം മലയാളി രോഗികള്‍ക്ക് ലഭിക്കില്ല. കേരളത്തില്‍ നിന്നുള്ള ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്കും ആളുകള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. ആശുപത്രികളില്‍ വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവ് ഇറങ്ങിയതിന് പിറകെയാണ് കേരളത്തില്‍ നിന്നുള്ള വാഹനങ്ങളെ വിലക്കികൊണ്ട് മംഗളൂരു കമ്മീഷണര്‍ ഉത്തരവ് ഇറക്കിയത്. പ്രശ്‌നം പരിഹരിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോതി സ്റ്റേ ചെയ്യാതിരുന്നിട്ടും ഈ തീരുമാനാത്തില്‍ ഇളവ് വരുത്താന്‍ കര്‍ണാടക തയ്യാറായിട്ടില്ല.