“ലോക്ഡൗൺ ഏർപ്പെടുത്തില്ല” -അഭ്യൂഹങ്ങൾ തള്ളി യെദിയൂരപ്പ

ബെംഗളൂരു: ലോക്ഡൗണിനെ കുറിച്ചു പടരുന്ന അഭ്യൂഹങ്ങൾ തിരുത്തി കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. നിലവിലെ സാഹചര്യത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമെന്നു വന്നാൽ സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് തിങ്കളാഴ്ച അദ്ദേഹം പറഞ്ഞിരുന്നു. തുടർന്നാണ് വിശദീകരണവുമായി അദ്ദേഹം വന്നത്.

രണ്ടാം തരംഗത്തിനു തടയിടാൻ ജനം പരമാവധി സഹകരിക്കേണ്ടതുണ്ട്. സുരക്ഷാ ജാഗ്രതകൾ ജനം മറന്നുപോകുന്ന സാഹചര്യമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്താൻ കോവിഡ് സാങ്കേതിക ഉപദേശക സമിതി നിർദേശിച്ചതായി ആരോഗ്യമന്ത്രി ഡോ. കെ.സുധാകർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ താനും ഈ സമിതിയിലുണ്ടെന്നും ഇത്തരമൊരു നിർദേശം ആരും മുന്നോട്ടുവച്ചിട്ടില്ലെന്നും യെദിയൂരപ്പ പറഞ്ഞു.

ഭാവി നിയന്ത്രണങ്ങളെ കുറിച്ച് ആലോചിക്കാൻ 18നു സർവകക്ഷി യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Top