ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹം രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് വൈകുന്നേരം ആറുമണിക്കാണ് സത്യപ്രതിജ്ഞ. ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു.
ഇന്ന് 12.30-ന് സത്യപ്രതിജ്ഞ വേണമെന്നാണ് യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലെയോട് ആവശ്യപ്പെട്ടിരിക്കുന്നത്. താന്‍ നിലവില്‍ പ്രതിപക്ഷ നേതാവാണ്. അത് കൊണ്ട് തന്നെ നിയമസഭാ പാര്‍ട്ടി യോഗം വിളിച്ച് ചേര്‍ക്കേണ്ട ആവശ്യമില്ലെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച യെദ്യൂരപ്പ വിശ്വാസവോട്ട് തേടുമെന്നാണ് ലഭിക്കുന്ന വിവരം.
രാവിലെ 10 മണിക്ക് ഗവര്‍ണറെ കാണുമെന്നും ഇന്ന് തന്നെ സത്യപ്രതിജ്ഞ നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് യെദ്യൂരപ്പ രാവിലെ പ്രഖ്യാപിക്കുകയായിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് നേരത്തെ യെദ്യൂരപ്പ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
ആഴ്ചകള്‍ നീണ്ട രാഷ്ട്രീയനാടകങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ചേര്‍ന്ന് രൂപീകരിച്ച കുമാരസ്വാമി സര്‍ക്കാര്‍ നിലം പതിച്ചത്. കോണ്‍ഗ്രസിലേയും ജെഡിഎസിലേയും 16 എംഎല്‍എമാര്‍ രാജിസമര്‍പ്പിച്ചതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. തുടര്‍ന്ന് കുമാരസ്വാമി സര്‍ക്കാരിനെ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തി. പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ ജഗദീഷ് ഷെട്ടാറുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ നേതാക്കള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയിരുന്നു.
അതേസമയം കര്‍ണാടകയില്‍ മൂന്നു വിമത എം.എല്‍.എമാരെ കഴിഞ്ഞ ദിവസം സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ ലയിച്ചിട്ടും ബിജെപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച കെപിജെപി എംഎല്‍എ ആര്‍ ശങ്കര്‍, വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എംഎല്‍എമാരാണ് രമേഷ് ജാര്‍ക്കിഹോളിയും മഹേഷ് കുമത്തല്ലിയും.