കർണാടക നിയമസഭയിൽ വിശ്വാസ വോട്ട് നേടി ബി.എസ്.യെദിയൂരപ്പ

ബെംഗളൂരു: കുമാരസ്വാമി സര്‍ക്കാരിന്റെ പതനത്തോടെ കര്‍ണാടകയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിയ യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ശബ്ദ വോട്ടിലൂടെയാണ് ഭൂരിപക്ഷം തെളിയിച്ചത്. തലയെണ്ണേണ്ടെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ശബ്ദവോട്ട്.

രാഷ്ട്രീയത്തിലെ പ്രതികാരപ്രവര്‍ത്തനങ്ങളില്‍ താന്‍ ഏര്‍പ്പെടുന്നില്ലെന്ന് യെദിയൂരപ്പ പറഞ്ഞു. മറക്കണം, ക്ഷമിക്കണം. ജനങ്ങളുടെ ആശീര്‍വാദത്തോടെയാണ് താന്‍ മുഖ്യമന്ത്രിയായത്. സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുകയാണ്. അതിനെ നമുക്കൊരുമിച്ച് മറികടക്കണം. കര്‍ഷകര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നും എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുന്നുവെന്നും യെദിയൂരപ്പ സഭയില്‍ പറഞ്ഞു.

പതിനേഴ് വിമത എം.എല്‍.എമാര്‍ അയോഗ്യരായതോടെ കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ ബി.ജെ.പിക്ക് വെല്ലുവിളിയുണ്ടായില്ല. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബി.ജെ.പി ഉറപ്പാക്കിയതിന് പുറമെ സ്വതന്ത്രന്‍ എച്ച് നാഗേഷും യെദിയൂരപ്പയെ പിന്തുണച്ചു.

ഒരാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ വിശ്വാസ വോട്ടെടുപ്പിനാണ് കര്‍ണാടക നിയമസഭ സാക്ഷ്യം വഹിച്ചത്. ആറ് മാസത്തേക്ക് വെല്ലുവിളികളില്ലാത്ത വിധം യെദിയൂരപ്പ സര്‍ക്കാരിന് മുന്നോട്ട് പോകാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ ഇനി തീരുമാനം ഉണ്ടാകേണ്ടതുണ്ട്. കോണ്‍ഗ്രസാകട്ടെ 99 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയാണ് മുന്നോട്ട് പോകുന്നത്.

അതേസമയം അയോഗ്യത നടപടിക്കെതിരെ വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും. സ്പീക്കര്‍ അയോഗ്യരാക്കിയ 13 വിമത എം.എല്‍.എമാരാണ് ഹര്‍ജിയുമായി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. വിമത കോണ്‍ഗ്രസ് എം.എല്‍.എമാരായ രമേശ് ജാര്‍ക്കിഹോളി, മഹേഷ് കുമ്ടഹള്ളി, സ്വതന്ത്രനായ ആര്‍.ശങ്കര്‍ എന്നിവര്‍ നേരത്തേ അയോഗ്യത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവരെ സ്പീക്കര്‍ അയോഗ്യരാക്കിയത് വ്യാഴാഴ്ചയാണ്.

Top