തിരുവനന്തപുരം: പൊള്ളുന്ന ചൂടിൽ ആശ്വാസമായി വേനൽ മഴ എത്തുന്നതും കാത്തിരിക്കാൻ കേരളം തുടങ്ങിയിട്ട് നാളുകളേറെയായി. ചെറിയ തോതിൽ അവിടവിടെ മഴ ലഭിച്ചതല്ലാതെ വേനൽ മഴ ഇക്കുറി ഇനിയും കനത്തിട്ടില്ല. എന്നാൽ കേരള ജനതയുടെ കാത്തിരിപ്പിന് അവസാനമാകുമെന്ന പ്രതീക്ഷയാണ് കാലാവസ്ഥ വകുപ്പിൽ നിന്ന് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് 3 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഏറ്റവും കൂടുതൽ മഴ സാധ്യത. ഈ ജില്ലകളിൽ ഇന്ന് 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമുണ്ടെന്നാണ് പ്രവചനം. അതേസമയം രാത്രി കേരളത്തിലെ ഏഴ് ജില്ലകളിൽ മഴ സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.