യുനൈറ്റഡ് നാഷന്‍സ്: യമനില്‍ പട്ടിണിയില്‍ കഴിയുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം രണ്ടുകോടിയോളം ആളുകളാണ് പട്ടിണിയില്‍ കഴിയുന്നതെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്. യു.എന്‍ മനുഷ്യാവകാശ മേധാവി മാര്‍ക് ലോകോഖ് ആണ് ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്. യമനിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014ല്‍ തലസ്ഥാനമായ സന്‍ആ ഹൂതി വിമതര്‍ പിടിച്ചെടുത്ത് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ അട്ടിമറിച്ചതോടെയാണ് യമന്‍ ആഭ്യന്തരയുദ്ധത്തിലേക്ക് വീണതെന്നും യുദ്ധത്തെ തുടര്‍ന്ന് ആളുകള്‍ പലായനം ചെയ്യുന്നതും എത്തിപ്പെടുന്നതും ഏറ്റവും മോശപ്പെട്ട സ്ഥലങ്ങളിലേക്കാണെന്നും ലോകോഖ് ചൂണ്ടിക്കാട്ടി.
പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്ന രാജ്യങ്ങളിൽ കാറ്റഗറി അഞ്ചില്‍ ദക്ഷിണ സുഡാനൊപ്പമാണ് യമന്റെ സ്ഥാനം. താഇസ്, സഅദ, ഹജ്ജ, ഹുദൈദ പ്രവിശ്യകളിലാണ് കൂടുതല്‍ ആളുകള്‍ ദുരിതമനുഭവിക്കുന്നതെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.