യമന്‍ യുദ്ധക്കെടുതി അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍

യമന്‍: യമനിലെ യുദ്ധക്കെടുതികള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍. ഹീനമായ മനുഷ്യത്വ രഹിത ആക്രമണമാണ് യമനില്‍ സാധാരണക്കാര്‍ക്ക് നേരെ നടക്കുന്നത്. രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് യുറോപ്യന്‍ യൂണിയന്‍ അഭിപ്രായപ്പെട്ടു.

യമനിലെ തുറമുഖ നഗരമായ ഹുദൈദയില്‍ സൗദി യു.എ.ഇ സഖ്യ സേനാ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 55 പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം സഖ്യ സേന നിഷേധിച്ചിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും സാധാരണക്കാരായിരുന്നു. ഹുദൈദ തുറമുറഖം ഹൂതി സേനയില്‍ നിന്ന് ഇക്കഴിഞ്ഞ ജൂണിലാണ്‌ യമന്‍ സൈന്യം തിരിച്ച് പിടിച്ചത്. 2014 മുതല്‍ ഹൂതി വിമതരുടെ നിയന്ത്രണത്തിലായിരുന്നു ഹുദൈദ തുറമുഖം , യമനിലേക്കുള്ള 70 ശതമാനം ഇറക്കുമതിയും ഹുദൈദ തുറമുഖം വഴിയായിരുന്നു. പ്രധാനമായും ഭക്ഷണമായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ തുറമുഖം വഴി ആയുധം ഇറക്കുമതി ചെയ്യുന്നു എന്നായിരുന്നു സൗദി യു.എ.ഇ സഖ്യ സേന ആരോപിച്ചത്.

huda-airport

യു.എന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 12 ലക്ഷത്തിലധികം ആളുകളാണ് ആക്രമണം തുടങ്ങിയത് മുതല്‍ നഗരം വിട്ടത് . 2014 ല്‍ യമനിലെ തന്ത്ര പ്രധാന മേഖലകളെല്ലാം ഹൂതി വിമതര്‍ കൈവശപ്പെടുത്തിയപ്പോഴാണ് അമേരിക്കന്‍ സഹായത്തോടെ സൗദി യു.എ.ഇ സഖ്യ സേനയും യമന്‍ സൈന്യവും സംയുക്തമായി വിമതര്‍ക്ക് നേരെ ആക്രമണം തുടങ്ങിയത് .

yemen-3

സ്‌കൂള്‍,ആശുപത്രി, മാര്‍ക്കറ്റുകള്‍ തുടങ്ങിയ ഇടങ്ങളിലുള്ള ആക്രമണങ്ങളെ യൂറോപ്പ്യന്‍ യൂണിയന്‍ അപലപിച്ചു . ഇത് വരെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10000 ലധികമാണ്. ഈ സാഹചര്യത്തിലാണ് യമനിലെ സംഘര്‍ഷത്തില്‍ യൂറോപ്പ്യന്‍ യൂണിയന്‍ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

ആക്രമണം കനത്തതോടെ യമനില്‍ പലായനം ഇരട്ടിയായിട്ടുണ്ട്. ആയിരങ്ങളാണ് സമീപ നഗരമായ സനായിലേക്ക് യാത്ര ചെയ്യുന്നത്. ഹുദൈദ മോചിപ്പിക്കാന്‍ യമന്‍ സൈന്യവും സഖ്യസേനയുമെത്തിയതോടെ തുടങ്ങിയതാണ് പലായനം. പലായനം ചെയ്ത് വരുന്നവര്‍ക്ക് വേണ്ട സഹായമൊരുക്കുവാന്‍ അന്താരാഷ്ട്ര ഏജന്‍സികളും രംഗത്തുണ്ട്.

ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ക്കെതിരെ 2015ലാണ് സൗദി സഖ്യം യമനില്‍ സൈനിക ഇടപെടല്‍ ആരംഭിച്ചത്. വ്യോമാക്രമണത്തിന് പുറമെ, യമന്‍ തുറമുഖങ്ങള്‍ ഉപരോധിക്കുകയും ചെയ്തതോടെ ലക്ഷക്കണക്കിന് യമനികള്‍ പട്ടിണിയിലായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ അഭ്യര്‍ഥന പ്രകാരമാണ് തങ്ങള്‍ യമനില്‍ ഇടപെടുന്നതെന്നാണ് സൗദി സഖ്യം വാദം ഉന്നയിച്ചിരിക്കുന്നത്.

Top