യമന്‍ : യമനിലെ സദാ പ്രവിശ്യയില്‍ 29 കുട്ടികളുടെ മരണത്തിനിടയാക്കിയ മിസൈല്‍ ആക്രമണം സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഐക്യരാഷ്ട്രസഭ. സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കണമെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ് പറഞ്ഞു. ആക്രമണത്തെ യൂണിസെഫും അപലപിച്ചു. സൗദി സഖ്യസേനയുടെ ആക്രമണത്തിനെതിരെ നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് .
കുട്ടികളെ ആക്രമിച്ചതിന് യാതൊരു ന്യായീകരണവും ഇല്ലെന്ന് യൂണിസെഫ് യമന്‍ പ്രതിനിധി മെരിറ്റല്‍ റെലായു പറഞ്ഞു. അതേസമയം സത്യസന്ധമായ അന്വേഷണമാണ് വേണ്ടതെന്ന് യുഎന്നിലെ ബ്രിട്ടീഷ് അംബാസിഡര്‍ കാരെന്‍ പിയേഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
യമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ആക്രമണത്തില്‍ 29 കുട്ടികളടക്കം അറുപത് പേരാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യമനിലെ സാദാ പ്രവിശ്യയിലെ തിരക്കേറിയ നഗര ഭാഗത്തൂടെ കടന്നു പോവുകയായിരുന്ന സ്‌കൂള്‍ ബസിനു നേരെയാണ് വ്യോമാക്രമണം നടന്നത്.
ആക്രമത്തില്‍ സ്‌കൂള്‍ ബസിലുണ്ടായിരുന്ന 29 കുട്ടികളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട കുട്ടികളെല്ലാം പതിനഞ്ച് വയസില്‍ താഴെ മാത്രം പ്രായമുള്ളവരാണ്. സൗദിയുടെ പിന്തുണയുള്ള യമനിലെ ഹാദി സര്‍ക്കാരും, ഇറാന്റെ പിന്തുണയുള്ള ഹൌതിഷിയാ വിമതരും തമ്മിലുള്ള പോരാട്ടത്തില്‍ ഇതുവരെ 2400 കുട്ടികളാണ് കൊല്ലപ്പെട്ടത്.