ഹൂതികള്‍ സമാധാനം ആഗ്രഹിക്കുന്നില്ല; ആവശ്യമെങ്കില്‍ യുദ്ധത്തിനൊരുങ്ങാന്‍ യെമന്‍

ഏഡന്‍ യെമനില്‍ ഹൂതികള്‍ നടത്തിയ മിസൈലാക്രമണത്തെ തുടര്‍ന്ന്, സൈന്യത്തോട് അതീവജാഗ്രതയോടെയിരിക്കാനും ആവശ്യമെങ്കില്‍ യുദ്ധത്തിനൊരുങ്ങാനും നിര്‍ദേശിച്ച് യെമന്‍ പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദി.

യെമനിലെ മാരിബിലെ സൈനിക ക്യാംപിനോടു ചേര്‍ന്നുള്ള മുസ്ലിം പള്ളിയില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ 73 സൈനികര്‍ കൊല്ലപ്പെടുകയും അന്‍പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഡ്രോണുകളും ആക്രമണത്തില്‍ ഉള്‍പ്പെട്ടിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മരണസംഖ്യ 80 കടന്നെന്ന് വാര്‍ത്താ ജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഹൂതികള്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണ് ഈ ആക്രമണം സൂചിപ്പിക്കുന്നതെന്നു പ്രസിഡന്റ് പറഞ്ഞു. ഭീരുക്കള്‍ നടത്തിയ ഭീകരാക്രമണമെന്നാണ് ഇതിനെ അബ്ദുറബ് വിശേഷിപ്പിച്ചത്. നശിപ്പിക്കാനും കൊല്ലാനും മാത്രമേ ഹൂതികള്‍ക്ക് അറിയൂ. മേഖലയില്‍ ഇറാന്റെ വിലയില്ലാത്ത ഉപകരണമായി ഹൂതികള്‍ മാറിയെന്നും പ്രസിഡന്റ് വിമര്‍ശിച്ചു. എന്നാല്‍ ഹൂതികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഏറ്റെടുത്തിട്ടില്ല.

യെമന്റെ തലസ്ഥാനമായ സനായില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ മാരിബിലെ സൈനിക ക്യാംപിനോടു ചേര്‍ന്നുള്ള മുസ്ലിം പള്ളിയിലേക്കാണു ശനി വൈകിട്ട് ഹൂതികളുടെ മിസൈലാക്രമണമുണ്ടായത്.സൈനികര്‍ പ്രാര്‍ഥനയിലായിരുന്ന സമയത്തായിരുന്നു ആക്രമണമെന്നും ആഭ്യന്തരവൃത്തങ്ങള്‍ അറിയിച്ചു.

സനായ്ക്കു വടക്ക് നഹം മേഖലയിലുള്ള ഹൂതി ക്യാംപിനു നേരെ കഴിഞ്ഞ ദിവസം യെമന്‍ സേന നീക്കം ആരംഭിച്ചിരുന്നു. ഇവിടെ ഹൂതികളും സൈന്യവും തമ്മില്‍ പോരാട്ടം തുടരുകയാണ്. ഒട്ടേറെ ഹൂതികള്‍ കൊല്ലപ്പെട്ടതായും പരുക്കേറ്റതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Top