ന്യൂഡല്‍ഹി: നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ്(നെറ്റ്) പരീക്ഷയില്‍ ഈ വര്‍ഷം മുതല്‍ യോഗയും ഉള്‍പ്പെടുത്താന്‍ നിര്‍ദേശം. പ്രധാനമന്ത്രിയുടെ യോഗ ഗുരു എച്ച്.ആര്‍ നാഗേന്ദ്ര തലവനായ സമിതിയെ ഇതിനായുള്ള കോഴ്‌സിന് രൂപരേഖ തയാറാക്കാന്‍ ചുമതലപ്പെടുത്തി.
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ഡിപ്‌ളോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ ഡിപ്‌ളോമ, റിസര്‍ച്ച് എന്നിങ്ങനെ ആറ് കോഴ്‌സുകള്‍ ആരംഭിക്കാനാണ് തീരുമാനം. എല്ലാ കേന്ദ്ര സര്‍വകലാശാലകളിലും കോഴ്‌സ് ആരംഭിക്കും. യോഗിക്ക് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്ന പേരില്‍ പ്രത്യേക പഠന വിഭാഗമായിട്ടായിരിക്കും ഇത് അറിയപ്പെടുക.
ബാബാ രാംദേവിന്റെ പതഞ്ചലി സെന്റര്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള യോഗയില്‍ വിദഗ്ധരായവരെ ഗസ്റ്റ് ലക്ചററായി നിയമിച്ച് പഠനം നടത്തും. ഇവര്‍ക്ക് യു.ജി.സി അംഗീകരിച്ച ശമ്പളവും നല്‍കും. പാനല്‍ മുന്നോട്ടു വെക്കുന്ന നിര്‍ദേശങ്ങള്‍ പഠിച്ച ശേഷം കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയവും യു.ജി.സിയും കോഴ്‌സിന് അന്തിമ രൂപരേഖ തയാറാക്കും. രാജ്യത്ത് 52 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലവില്‍ യോഗ പഠിപ്പിക്കുന്നുണ്ട്. 16ഓളം സ്ഥാപനങ്ങള്‍ യോഗയില്‍ എം.എ ഡിഗ്രിയും നല്‍കുന്നുണ്ട്.