ഖത്തറില്‍ ഇന്ത്യന്‍ എംബസി രാജ്യാന്തര യോഗദിനം വിപുലമായി നടത്തുന്നു

ദോഹ: നാലാമത് രാജ്യാന്തര യോഗാദിനത്തോടനുബന്ധിച്ച് ഇത്തവണയും ഖത്തറില്‍ യോഗ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന യോഗാദിനാഘോഷ പരിപാടികള്‍ ശനിയാഴ്ച രാത്രി ഏഴു മുതല്‍ എട്ടര വരെ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കും.

ഇതിന്റെ ഭാഗമായി ശനിയാഴ്ച അല്‍ഖോറിലും 29ന് മീസൈദിലും 30ന് ദുഖാനിലും യോഗ ക്യാമ്പുകളും ശില്‍പ്പശാലകളും സംഘടിപ്പിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച രാജ്യാന്തര യോഗാ ദിനാഘോഷങ്ങളില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യോഗ പരിശീലകരും പഠിതാക്കളും പങ്കെടുത്തിരുന്നു. മുന്‍വര്‍ഷങ്ങളിലെ യോഗ ദിനാചരണത്തിന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ പരിപാടികള്‍ വിപുലമാക്കാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.

23ന് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന യോഗാ ദിനാഘോഷങ്ങളില്‍ ഇന്ത്യക്കാര്‍ക്കു പുറമെ ഖത്തരികളുടെയും വിദേശീയരുടെയും ഉള്‍പ്പടെ പങ്കാളിത്തമുണ്ടാകും. വിദഗ്ദ്ധരുടെ യോഗ അവതരണത്തിനു പുറമെ പങ്കെടുക്കാനെത്തുന്നവര്‍ക്ക് യോഗ പരിശീലനം നേടുന്നതിനും അവസരം ലഭിക്കും. പൊതു യോഗ പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിലായിരിക്കും യോഗ സെഷന്‍. യോഗയിലെ വിവിധ മുറകളെ കുറിച്ചുള്ള പ്രാഥമിക പരിശീലനമാണ് ഇതിന്റെ ഭാഗമായി നല്‍കുക.

യോഗാ ദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടു മാസമായി ദോഹയുടെ വിവിധ കേന്ദ്രങ്ങളില്‍ ദോഹ സ്റ്റുഡിയോസുമായി സഹകരിച്ച് നിരവധി യോഗ ശില്‍പ്പശാലകളും അവതരണങ്ങളും ഇന്ത്യന്‍ എംബസി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദോഹയിലെ വിവിധ സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്കായി ശില്‍പ്പശാലകള്‍ നടത്തി. അല്‍ഖോറില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കായി പ്രത്യേക യോഗ സെഷനും സംഘടിപ്പിച്ചിരുന്നു. 2014 ഡിസംബര്‍ 11നാണ് യു.എന്‍ ജനറല്‍ അസംബ്ലി ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്.

Top