കൊച്ചി : ചടുലമായി പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് വകുപ്പ് അഴിമതിക്കാരുടെ ഉറക്കംകെടുത്തിയിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബാര്‍ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ് വീണ്ടും അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രഥമദൃഷ്ട്യാ തെളിവുള്ളതിനാലാവാം ത്വരിതാന്വേഷണം പ്രഖ്യാപിച്ചത്. അഴിമതി വിമുക്തമായ ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
എല്‍ഡിഎഫ് എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.
സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമായി പൊരുത്തപ്പെടാന്‍ കോണ്‍ഗ്രസിനും ബിജെപിക്കും കഴിഞ്ഞിട്ടില്ല. സര്‍ക്കാരിനെതിരെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
തലശേരിയില്‍ സിപിഐ എം ഓഫീസ് ആക്രമിച്ചത് ആസൂത്രിതമായാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയിലില്‍ പോകാന്‍ തയാറാവണമെന്ന എ കെ ആന്റണിയുടെ ആഹ്വാനത്തെതുടര്‍ന്ന് കണ്ടെത്തിയ വിദ്യയാണിത്. സംഭവം ദളിത് പീഡനമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇരു വിഭാഗത്തും ദളിതര്‍ ഉള്‍പ്പെട്ട സംഭവം എങ്ങനെ ദളിത് പീഡനാമാകുമെന്ന് കോടിയേരി ചോദിച്ചു.
ഇടതുപക്ഷ സര്‍ക്കാര്‍ ഒരു കുട്ടിയേയും അറസ്റ്റ് ചെയ്തിട്ടില്ല. കുട്ടിയെ യുവതി കൂടെ കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് കുട്ടികളുള്‍പ്പെടെയുള്ള ആദിവാസി യുവതികളെ ജയിലിലടച്ചതെന്ന് കോടിയേരി പറഞ്ഞു. കുട്ടിമാക്കൂലിലെ സംഭവവുമായി ബന്ധപ്പെട്ട് 25ന് തലശേരിയില്‍ പികെഎസിന്റെ നേതൃത്വത്തില്‍ യോഗം സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.
യോഗ സമയത്ത് പ്രാര്‍ഥനാ ഗീതം ആലപിച്ചത് സര്‍ക്കാറിന്റെ അറിവോടെയല്ലെന്നും കോടിയേരി പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിന്റെ ആജ്ഞാനുവര്‍ത്തികളല്ല സംസ്ഥാന സര്‍ക്കാറെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.വിവേചനപരമായി തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അവകാശമുണ്ട്. ദേശീയപാത വികസനം അനിവാര്യമാണ്. ആവശ്യമെങ്കില്‍ പരിസ്ഥിതി മൗലികവാദം ഉപേക്ഷിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.