yogi adithyanath interview

ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മുന്‍കൈയെടുക്കുമെന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഇതിനായി സമവായമുണ്ടാക്കും. ഇരുപക്ഷത്തുള്ളവരും ഒരുമിച്ചു സമാധാനപൂര്‍വമായ തീരുമാനമെടുക്കണം. അതുടനുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ അതിനായി മുന്നോട്ടിറങ്ങും. വിഷയത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഇടപെടല്‍ സ്വാഗതം ചെയ്യുന്നുവെന്നും ആദിത്യനാഥ് പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന്‍ അറവുശാലകളും ഉടന്‍ അടച്ചുപൂട്ടും. അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ അറവുശാലകളും പൂട്ടാന്‍ ഉത്തരവിറക്കിയിട്ടുണ്ട്. അറവുശാലകള്‍ മലിനീകരണത്തിനു കാരണമാകുന്നു. ദേശീയ ഹരിത ട്രൈബ്യൂണലും അറവുശാലകള്‍ പൂട്ടണമെന്നു പറഞ്ഞിട്ടുണ്ട്. ഇവിടുത്തെ പരിസ്ഥിതി മലിനീകരണം തടയാനും ഈ നടപടി അത്യാവശ്യമാണ്. ഇതുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുക തന്നെ ചെയ്യും.

ഉത്തര്‍പ്രദേശിന്റെ വികസനം മാത്രമാണു തന്റെ സര്‍ക്കാരിന്റെ ലക്ഷ്യം. വികസനത്തില്‍ സംസ്ഥാനത്തെ മുന്നിലെത്തിക്കണം. ഉത്തര്‍പ്രദേശിലെ ഗുണ്ടാരാജ് അവസാനിപ്പിക്കും. അഴിമതി തുടച്ചുനീക്കും. സ്ത്രീസുരക്ഷയും പ്രധാനമാണ്. ഇതിനായി കൃത്യമായൊരു റോഡ് മാപ്പ് തയാറാക്കിയിട്ടുണ്ട്. ബിജെപി അധികാരത്തില്‍ വന്നതിനെ തുടര്‍ന്നു സംസ്ഥാനത്തെ ക്രമസമാധാനപാലനത്തില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. നിയമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇവിടെ ജീവിക്കാം. അല്ലാത്തവര്‍ ഉത്തര്‍പ്രദേശ് വിട്ടുപോകണമെന്നും യോഗി പറഞ്ഞു.

Top