yogi adithyanath modi’s successor ?

ന്യൂഡല്‍ഹി: ബിജെപി കേന്ദ്ര നേതൃത്വത്തെപോലും അത്ഭുതപ്പെടുത്തി തീവ്രഹിന്ദുത്വ വാദിയായ യോഗി ആദിത്യനാഥിനെ ‘മിനി’ ഇന്ത്യയുടെ മുഖ്യമന്ത്രിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ആര്‍എസ്എസ് നേതൃത്വത്തിന്റെ ലക്ഷ്യം മോദിയുടെ പിന്‍ഗാമിയോ ?

കടുത്ത ഹിന്ദുത്വ വാദിയും സ്വയം സേവകനുമായ നരേന്ദ്രമോദിയെ ഗുജറാത്ത് രാഷ്ട്രീയത്തില്‍ ഉയര്‍ത്തി കാട്ടി മുഖ്യമന്ത്രിയാക്കി കൊണ്ടുവരികയും ഒടുവില്‍ പ്രധാനമന്ത്രി പദത്തിലെത്തിക്കുകയും ചെയ്ത ആര്‍ എസ് എസ് നേതൃത്വം ഭാവിയിലെ പിന്തുടര്‍ച്ച കൂടി ലക്ഷ്യമിട്ടാണ് യോഗി ആദിത്യനാഥിനെ അപ്രതീക്ഷിത നീക്കത്തിലൂടെ ഇപ്പോള്‍ രംഗത്തിറക്കിയിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.

ബിജെപിക്ക് തല മുതിര്‍ന്ന ഒട്ടനവധി നേതാക്കളുണ്ടെങ്കിലും സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന നേതാക്കളില്‍ ആരൊക്കെ നേതൃസ്ഥാനത്ത് വരണമെന്നും മുഖ്യമന്ത്രിമാരാവണമെന്നുമെല്ലാം അന്തിമമായി തീരുമാനിക്കുന്നത് ആര്‍ എസ് എസ് നേതൃത്വമാണ്.

നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കിയത് മാത്രമല്ല ബി ജെ പി കേന്ദ്ര മന്ത്രിമാര്‍ ആരൊക്കെ ആവണമെന്ന് അന്തിമമായി നിശ്ചയിച്ചു നല്‍കിയതും ഇവര്‍ തന്നെയാണ്. മന്ത്രിമാരുടെ കാര്യത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചായിരുന്നു തീരുമാനമെന്ന് മാത്രം.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മോദി തന്നെയായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപിക്കുന്ന ആര്‍എസ്എസ് നേതൃത്വം ഭാവി പ്രതീക്ഷയായി കാണുന്നത് യോഗി ആദിത്യനാഥിനെയാണെന്നാണ് സംഘ് പരിവാറുമായി അടുത്ത ബന്ധമുള്ള മാധ്യമങ്ങള്‍ പോലും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കടുത്ത ഹിന്ദു തീവ്രവാദിയായി മുദ്രകുത്തുകയും ഗോധ്ര കലാപത്തില്‍ പ്രതിക്കൂട്ടിലാകുകയും ചെയ്ത മോദിക്ക് പോലും പ്രതിസന്ധികളെ അതിജീവിച്ച് ലോകത്തിന്റെ മുന്നില്‍ പോലും ‘അംഗീകാരം പിടിച്ചുപറ്റാന്‍ കഴിഞ്ഞതിനാല്‍ യോഗി ആദിത്യനാഥിനും അത് സാധ്യമാകുമെന്ന് തന്നെയാണ് വിലയിരുത്തല്‍.

ഇപ്പോള്‍ നടന്ന യുപി തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിനു വേണ്ടി അണിയറയില്‍ ചരട് വലിച്ച പ്രധാനി കൂടിയാണ് യോഗി. മോദി കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ ഇവിടെ സ്വാധീനശക്തിയായിരുന്നതും ഇദ്ദേഹം മാത്രമായിരുന്നു.

unnamed (5)

തീവ്ര ഹിന്ദുത്വ നിലപാടുകളും വിദ്വേഷ പ്രസംഗങ്ങളുമാണ് യോഗിയെ വലിയ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കാന്‍ വഴി ഒരുക്കിയിരുന്നത്.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഒരു സീറ്റു പോലും മത്സരിക്കാന്‍ നീക്കിവയ്ക്കാതെ കൃത്യമായി സംഘപരിവാര്‍ രാഷ്ട്രീയം പറഞ്ഞാണ് ബി ജെ പി യുപിയില്‍ വോട്ട് നേടിയിരുന്നതെന്നതും ശ്രദ്ധേയമാണ്.

മികച്ച സംഘാടകനെന്ന് ഇതിനകം പേരെടുത്ത യോഗി ആദിത്യനാഥ് 1998 മുതല്‍ അഞ്ചു തവണ ഖൊരക് പൂരിലെ ബിജെപി എംപിയായിരുന്നു.

unnamed (6)

26ാംമത്തെ വയസ്സില്‍ ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ 12ാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം പി കൂടിയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ രാജ്യത്തെ ഏറ്റവും അധികം എംഎല്‍എ മാരെയും എംപിമാരേയും തിരഞ്ഞെടുക്കുന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്തുമ്പോള്‍ 44 വയസ്സു മാത്രമാണ് പ്രായം.

അജയ് സിങ്ങ് ബിഷ്ത് എന്ന യോഗി ആദിത്യനാഥ് ഉത്തരാഖണ്ഡിലെ എച്ച് എന്‍ബി ഗര്‍വാള്‍ സര്‍വ്വകലാശാലയില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബി എസ് സി ബിരുദം നേടിയിട്ടുണ്ട്. യു പിയിലെ ഗോരാഖ് നാഥ് ക്ഷേത്രത്തിലെ മുഖ്യ തന്ത്രിയുമാണ്.

മുസ്ലീം, ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നിരവധി തവണ വിവാദത്തിലായ ആദിത്യനാഥിന് എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് കൊണ്ട് പോകാന്‍ കഴിയുമോ എന്ന അശങ്ക വ്യാപകമാണെങ്കിലും അതെല്ലാം അടിസ്ഥാനരഹിതമായ സംശയങ്ങളാണെന്നും മികച്ച ഭരണാധികാരിയായി യോഗി തിളങ്ങുമെന്നുമാണ് ബി ജെ പി നേതാക്കള്‍ അവകാശപ്പെടുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രി പദത്തില്‍ നിന്നും മോദി പ്രധാനമന്ത്രി പദത്തിലെത്തിയതുപോലെ യുപി മുഖ്യമന്ത്രി പദത്തില്‍ നിന്നും ഭാവിയില്‍ യോഗി ആദിത്യനാഥും പ്രധാനമന്ത്രി പദത്തിലെത്തുമെന്നാണ് അദ്ദേഹത്തിന്റെ അനുയായികളും വിശ്വസിക്കുന്നത്.

യു പി മുഖ്യമന്ത്രി എന്ന നിലയില്‍ മികച്ച പ്രതിച്ഛായ ഉണ്ടാക്കിയാല്‍ മുന്‍പ് വില്ലനായി ചിത്രീകരിക്കപ്പെട്ടിരുന്ന മോദി നായകനായത് പോലെ യോഗിക്കു മുന്നിലും സാധ്യതകള്‍ തുറന്ന് കിടക്കുകയാണെന്നാണ് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.

Top