16 മാസത്തിനിടെ 78 കൊലപാതകങ്ങൾ, യോഗിയുടെ യു.പി യിൽ ‘കാലന്റെ യോഗം’

കാവി പുതച്ചാല്‍ മനുഷത്വം ഇല്ലാതാകുന്ന രാഷ്ട്ര നേതാക്കന്‍മാരാണോ നമുക്ക് വേണ്ടത്? ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും, എന്‍കൗണ്ടറുകളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചിട്ടും കുലുക്കമൊന്നുമില്ലാതെ അങ്ങ് യു.പിയില്‍ മുഖ്യമന്ത്രി കസേരയില്‍ ഞെളിഞ്ഞിരിക്കുകയാണ് യോഗി ആദിത്യനാഥ്.

16 മാസത്തിനിടെ 78 കൊലപാതകങ്ങള്‍, ഏറ്റുമുട്ടലുകള്‍, ഇവയൊക്കെ യോഗി സര്‍ക്കാര്‍ പൊന്‍തൂവലായി കരുതുന്നുണ്ടോ?

കുറ്റം ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. . . 2017ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ യോഗി ആദിത്യനാഥ് പറഞ്ഞ വാക്കുകളാണിത്. ഔദ്യോഗികകണക്കുകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. യോഗി വാക്ക് പാലിച്ചിട്ടുണ്ട്, ഒന്നും രണ്ടുമല്ല 3000ത്തോളം എന്‍കൗണ്ടറുകളാണ് അധികാരത്തിലേറി ആദ്യത്തെ 16 മാസക്കാലത്തിനുള്ളില്‍ യോഗി സര്‍ക്കാര്‍ നടപ്പാക്കിയത്.

2017 മാര്‍ച്ചിനും 2018 ജൂലൈയ്ക്കുമിടയിലും നടന്ന ഈ എന്‍കൗണ്ടറുകളില്‍ ഏറ്റവും കുറഞ്ഞത് 78 പേരെ വെടിവച്ചു കൊന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018ലെ കണക്ക് പ്രകാരം എന്‍കൗണ്ടറുകളുടെ എണ്ണം 1038 ആണ്. ഇവയില്‍ 32 പേര്‍ കൊല്ലപ്പെടുകയും 238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജീവന്‍ നഷ്ടപ്പെട്ടവരില്‍ നാല് പൊലീസുകാരും ഉള്‍പ്പെടുന്നു.

സംസ്ഥാനത്തെ ഈ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ സുപ്രീംകോടതി സംശയാസ്പദമായി നിരീക്ഷിച്ചിട്ടും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും ഉത്തര്‍പ്രദേശ് സര്‍ക്കാരിന് യാതൊരു കുലുക്കവുമില്ല. അത് മാത്രമല്ല റിപ്ലബിക് ദിനത്തോടനുബന്ധിച്ച് പുറത്തു വിട്ട സര്‍ക്കാര്‍ നേട്ടങ്ങളുടെ പട്ടികയില്‍ ഈ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട് താനും!

സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങളനുസരിച്ച് ഈ ഏറ്റുമുട്ടലുകളില്‍ രണ്ടായിരത്തോളം എണ്ണം നടന്നിരിക്കുന്നത് 2018 ജനുവരിക്കും ജൂലൈയ്ക്കുമിടയിലാണ്. 2017 മാര്‍ച്ചിലാവട്ടെ ഒരു ദിവസം ശരാശരി ആറ് ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെന്നാണ് കണക്ക്.

ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ കാര്യത്തിലും 2018ല്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 61 ക്രിമിനലുകള്‍ ഈ കാലയളവില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതായത് ഒരു മാസം 8.71 ശതമാനം പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. മുന്‍വര്‍ഷം ഇത് 1.8 ശതമാനം മാത്രമായിരുന്നു.

കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും 17നും 40നുമിടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ മിക്കവരും നിരവധി കേസുകളില്‍ വിചാരണ നേരിട്ടു കൊണ്ടിരുന്നവരാണെന്നും റിപ്പോര്‍ട്ടുണ്ട്. പൊലീസ് തിരയുന്ന കുറ്റവാളികളെ കണ്ടെത്തി ശിക്ഷ നടപ്പാക്കാന്‍ ഒരു ക്യാമ്പയിന്‍ തന്നെ സംഘടിപ്പിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതിനുള്ള നിര്‍ദേശം ചീഫ് സെക്രട്ടറി അനൂപ് ചന്ദ്ര ജില്ലാ അധികാരികള്‍ക്ക് കൈമാറുകയായിരുന്നു.

2018 ജൂലൈ വരെ നടന്ന ഏറ്റുമുട്ടലുകളില്‍ 69 ക്രിമിനലുകള്‍ കൊല്ലപ്പെടുകയും 7043 പേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ടെന്നാണ് ചീഫ് സെക്രട്ടറി അധികാരികള്‍ക്ക് കൈമാറിയ കത്തില്‍ പറയുന്നത്. അതേ 16 മാസ കാലയളവില്‍ 11,981 ക്രിമിനലുകള്‍ ജാമ്യം റദ്ദ് ചെയ്ത് കോടതികളില്‍ കീഴടങ്ങിയതായും കത്തിലുണ്ട്.

ഈ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ പലതും പൊലീസ് ആത്മരക്ഷാര്‍ഥം ചെയ്തതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തി യോഗി സര്‍ക്കാര്‍ നിരപരാധികളെ കൊന്നൊടുക്കുകയാണെന്ന് ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ വലിയ നേട്ടമെന്ന് അവകാശപ്പെട്ട് ഈ പട്ടിക പ്രസിദ്ധീകരിച്ചത്.

political reporter

Top