ലക്‌നൗ: യുപിലെ റോഡുകളിലൂടെ യാത്രചെയ്താല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും സമാജ്‌വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യും എന്ന മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ തിരഞ്ഞെടുപ്പ് അവകാശവാദത്തിന് മറുപടിയായി ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അന്ത്യശാസനം.
ജൂണ്‍ 15 നുള്ളില്‍ ഉത്തര്‍പ്രദേശിലെ എല്ലാ റോഡുകളിലെയും കുഴിയടക്കണമെന്ന് യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
കുഴിയുള്ള റോഡുകളും വെളിച്ചമില്ലാത്ത തെരുവുകളും ഇനി സംസ്ഥാനത്തുണ്ടാവില്ല. ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് യു.പി മാതൃകയാകുമെന്നും യേഗി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് അഖിലേഷ് യാദവ് റോഡിന്റെയും തെരുവ് വിളക്കിന്റെയും കാര്യത്തില്‍ ഏറെ അവകാശവാദമുന്നയിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് മറുപടിയായിയാണ് ദേവ്‌രിയ ജില്ലയില്‍ നടന്ന ഒരു ചടങ്ങിനിടെ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനം നല്‍കിയത്.
യുപിലെ എല്ലാ റോഡുകളില്‍ നിന്നും അലഞ്ഞുതിരിയുന്ന കഴുതകളെ മാറ്റണമെന്നും യുപി റോഡുകള്‍ കഴുതകളില്ലാത്ത റോഡുകളായിരിക്കണമെന്നും യോഗി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി ജനങ്ങള്‍ക്ക് മുന്നില്‍വെച്ച 24 മണിക്കൂറിലും വൈദ്യുതിയെന്നതും ഉടന്‍ നടപ്പിലാക്കുമെന്നും അടഞ്ഞ് കിടക്കുന്ന പഞ്ചസാര ഫാക്ടറികള്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.