പശുസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്നത് വര്‍ഗീയധ്രുവീകരണത്തിനായുള്ള ഗൂഡാലോചന

തിരുവനന്തപുരം : ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പശുസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ വര്‍ഗീയധ്രുവീകരണത്തിനായുള്ള ഗൂഡാലോചനയെന്ന് സിപിഐ എം.

പശുസംരക്ഷകരുടെ വേഷമണിഞ്ഞ സംഘപരിവാര്‍ ക്രിമിനലുകള്‍ അക്രമം നടത്തി ഒരു പൊലീസ് ഉദ്യോഗസ്ഥനെയും ഒരു യുവാവിനെയും കൊലപ്പെടുത്തിയിരിക്കുകയാണ്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ക്രമസമാധാനപാലനത്തില്‍ വന്‍ പരാജയമാണെന്നതിന് അടിവരയിടുന്നതാണ് ഈ സംഭവമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ദാദ്രിയില്‍ സംഘപരിവാര്‍ ക്രിമിനലുകള്‍ നടത്തിയ മുഹമ്മദ് അഖ്ലാഖിന്റെ കൊലപാതകത്തെപ്പറ്റി ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയത് ഇപ്പോള്‍ കൊല്ലപ്പെട്ട സുബോധ് കുമാര്‍ സിങ്ങായിരുന്നു. അദ്ദേഹത്തിന്റെ നടപടികള്‍ അന്ന് സംഘപരിവാരത്തിന് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു എന്നതിനാല്‍ ഈ പോലീസ് ഓഫീസറെ അവര്‍ ലക്ഷ്യമിട്ടിരുന്നു എന്ന് കരുതാവുന്നതാണ്. ഈ കൊലപാതകം സംഘപരിവാര്‍ സംഘടനകള്‍ ആസൂത്രണം ചെയ്തതാണെന്ന് പറഞ്ഞിരിക്കുന്നത് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രി ആയ ഒ.പി. രാജ്ഭര്‍ തന്നെയാണ്.

ഇരുപതോളം പശുക്കളുടെ അവശിഷ്ടങ്ങള്‍ കെട്ടിത്തൂക്കിയ നിലയിലാണ് മഹോവ് ഗ്രാമത്തിലെ വനപ്രദേശത്ത് നിന്ന് കണ്ടെത്തിയത് എന്നത് തന്നെ മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമായി കാണണം. അവശിഷ്ടങ്ങള്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയ ഉടന്‍ തന്നെ തോക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാന്‍ ക്രിമിനലുകള്‍ തയ്യാറായത് മുന്‍കൂട്ടിയുള്ള ആസൂത്രണം നടന്നിട്ടുണ്ടെന്നതിന്റെ തെളിവാണെന്നും സിപിഐ എം ചൂണ്ടിക്കാട്ടി.

പതിനായിരക്കണക്കിന് മുസ്ലിം മതവിശ്വാസികള്‍ പങ്കെടുക്കുന്ന തബ് ലിഗ് ജമാഅത്തിന്റെ പരിപാടി ഇതേ ജില്ലയില്‍ നടക്കുന്ന വേളയാണ് ഈ ആക്രമസംഭവങ്ങള്‍ നടത്താന്‍ തെരഞ്ഞെടുത്തിട്ടുള്ളതെന്നത് ഒരു വലിയ കലാപത്തിനുള്ള ആസൂത്രണമായി കാണണം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേട്ടങ്ങള്‍ പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയാത്തതിനാല്‍ രാമജന്മഭൂമി വിഷയം പ്രചാരണായുധമാക്കുന്നതിന് ബിജെപി ശ്രമിക്കുകയാണ്. മുസാഫര്‍ നഗര്‍ കലാപത്തിലൂടെ വര്‍ഗീയധ്രുവീകരണം നടത്തി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത് ആവര്‍ത്തിക്കാന്‍ ബിജെപി വര്‍ഗീയകലാപങ്ങള്‍ ആസൂത്രണം ചെയ്തു തുടങ്ങിയെന്നതിന്റെ സൂചനയാണ് ബുലന്ദ്ശഹര്‍ സംഭവമെന്നും സിപിഐ എം ആരോപിച്ചു.

Top