ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പൗരത്വത്തിനെതിരെ ഷഹീന്‍ബാഗില്‍ പ്രതിഷേധം നടത്തുന്നവര്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ബിരിയാണി നല്‍കുന്നു എന്ന പ്രസ്താവനയാണ് യോഗിക്ക് വിനയായത്.
ഇത്തരം പ്രസ്താവനകളിലൂടെ യോഗി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാണ് നോട്ടീസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചുമണിക്കകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ്.
ബാദര്‍പുര്‍ നിയോജകമണ്ഡലത്തിലെ ബിജെപി പ്രചാരണത്തിനിടെയാണ് യോഗി വിവാദ പ്രസ്താവന നടത്തിയത്. ”ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കാന്‍ പോലും ആംആദ്മി സര്‍ക്കാരിന് സാധിക്കുന്നില്ല. അവര്‍ വിഷാംശം കലര്‍ന്ന വെള്ളമാണ് കുടിക്കുന്നത്. എന്നാല്‍ ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ആംആദ്മി സര്‍ക്കാര്‍ ബിരിയാണിയാണ് നല്‍കുന്നത്.” ഇതായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്. മാത്രമല്ല ഭീകരവാദത്തോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് ബിജെപി സ്വീകരിച്ചിരിക്കുന്നതെന്നും യോഗി തുറന്നടിച്ചിരുന്നു.