ലഖ്‌നൗ: സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങള്‍ ഏറ്റെടുത്ത് നവീകരിക്കുന്നതിനായി ബിജെപി ഘടകങ്ങളോടും ജനപ്രതിനിധികളോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
അധികാരത്തിലേറി 100 ദിവസം പിന്നിടുമ്പോള്‍ ‘ജന്‍ കല്യാണ്‍’ എന്ന പേരില്‍ സര്‍ക്കാരിന്റെ ഇതുവരെയുള്ള നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനായി സംഘടിപ്പിച്ച സമ്മേളനത്തിലാണ് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ആദിത്യനാഥ് നടത്തിയത്.
ഒരു വര്‍ഷത്തിനുള്ളില്‍ വിദ്യാഭ്യാസ നിലവാരത്തിലും പ്രവര്‍ത്തനത്തിലും കാര്യമായ പുരോഗതി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബന്ധപ്പെട്ടവരോട് സ്‌കൂളുകള്‍ നവീകരിക്കുക എന്ന ആവശ്യം ആദിത്യനാഥ് മുന്നോട്ടു വച്ചത്.
വിദ്യാഭ്യാസ രംഗത്തെ വികലമാക്കാനാണ് മുന്‍കാല എസ്.പി, ബിഎസ്പി സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടുള്ളതെന്നും വ്യക്തികളും സംഘടനകളും ഓരോ വിദ്യാലയങ്ങള്‍ വീതം ഏറ്റെടുക്കുന്നതിലൂടെ കൂടുതല്‍ ശ്രദ്ധ നല്‍കാനാകുമെന്നും ബിജെപി വക്താവ് ചന്ദ്രമോഹന്‍ പറഞ്ഞു.