മസ്ജിദിനു സമീപം ലക്ഷ്മണ പ്രതിമ വേണമെന്ന്; യുപി സര്‍ക്കാരിന്റെ നടപടി വിവാദത്തില്‍

ലക്‌നൗ: ലക്ഷ്മണ പ്രതിമ മസ്ജിദിനു സമീപം സ്ഥാപിക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി വിവാദത്തില്‍. ലക്‌നൗവിലെ ടീലെ വാലി മസ്ജിദിന് അഭിമുഖമായി പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ച ബിജെപി സര്‍ക്കാരിന്റെ തീരുമാനമാണ് മുസ്ലിം സമുദായത്തിനിടയില്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.

പ്രതിമ സ്ഥാപിക്കുന്നതിനുള്ള പദ്ധതി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വൈകാതെ വെക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിമ സ്ഥാപിക്കുവാനുള്ള തീരുമാനത്തിനെതിരെ മുസ്ലിം സമുദായം രംഗത്തെത്തിയിരിക്കുകയാണ്. മസ്ജിദിനു തൊട്ടടുത്തായി പ്രതിമ സ്ഥാപിക്കുന്നത് പള്ളിയില്‍ നമസ്‌കാരത്തിനെത്തുന്ന വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

സാധാരണയായി മുസ്ലിം വിശ്വസികള്‍ പ്രതിമകള്‍ക്കു സമീപത്തുവെച്ച് നമസ്‌കാരം നടത്താറില്ല. അങ്ങനെ ചെയ്യുന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമുണ്ടാക്കുമെന്നും മസ്ജിദിലെ പുരോഹിതന്‍ മൗലാന ഫസല്‍ ഇ മന്നന്‍ പറയുന്നു.

Top