യു.പിയിലെ വന്‍വിജയം ; യോഗി ആദിത്യനാഥ് നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡല്‍ഹി: യു.പി തദ്ദേശ തിരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിനു ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി.

പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച.

തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാനായതില്‍ പ്രധാനമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ചു.

പ്രധാനമന്ത്രിയുടെയും ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായുടേയും മേല്‍നോട്ടമാണ് വിജയത്തിനാധാരമെന്ന് കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പ്രതികരിച്ചിരുന്നു.

യു.പി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 16 ല്‍ 14 മേയര്‍ സീറ്റുകള്‍ നേടി ബിജെപി മിന്നുന്ന വിജയമാണ് കാഴ്ചവെച്ചത്.

തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ വന്‍ വിജയം ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ലഭിക്കാന്‍ പോകുന്ന നേട്ടത്തെ വച്ചുനോക്കുമ്പോള്‍ ഒന്നുമല്ലെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചിരുന്നു.

ഡിസംബര്‍ 18ലെ ഗുജറാത്തിനായി കാത്തിരിക്കാനും ഷാ ആവശ്യപ്പെട്ടു.

സോംനാഥില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top