മുസ്ലീം ലീഗിനെതിരെയുള്ള വൈറസ് പ്രയോഗം; പ്രത്യേക സാഹചര്യത്തിലെന്ന് യോഗി

ന്യൂഡല്‍ഹി: കേരളത്തിലെ മുസ്ലീംലീഗിനെ വൈറസ് എന്ന് വിശേഷിപ്പിച്ചത് പ്രത്യേക സാഹചര്യത്തിലാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജാതിയുടേയും മതത്തിന്റെയും അടിസ്ഥാനത്തില്‍ തങ്ങള്‍ സമൂഹത്തെ ഭിന്നിപ്പിക്കാറില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

അന്നത്തെ സാഹചര്യത്തിന് താന്‍ അത്തരം പ്രസ്താവനകള്‍ നടത്തിയിരിക്കാം. എന്നാല്‍ വര്‍ഗീയതയും ഗുണ്ടായിസവും ഒരു കാലത്തും തങ്ങള്‍ അനുവദിച്ചിട്ടില്ലെന്നും തുടര്‍ന്നും അതുണ്ടാവില്ലെന്നുമായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്. തങ്ങളെ സംബന്ധിച്ച് പൗരന്മാര്‍ ആണ് പ്രധാനം, മറ്റുള്ളവരുമായി പുലര്‍ത്തുന്ന അതേ ബന്ധം തന്നെയാണ് മുസ്ലീങ്ങളോടും കാത്തുസൂക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു യു.പി മുഖ്യമന്ത്രിയുടെ പ്രതികരണം. 2019 ലെ പൊതുതെരഞ്ഞെടുപ്പ് പ്രചരണ വേളയിലായിരുന്നു കേരളത്തിലെ മുസ്ലീം ലീഗിനെ യോഗി ആദിത്യനാഥ് വൈറസ് എന്ന് വിശേഷിപ്പിച്ചിരുന്നത്.

അതേ സമയം യു.പിയില്‍ സര്‍ക്കാര്‍ പദ്ധതികളുടെ മൂന്നാമത്തെ ഗുണഭോക്താവ് മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. തന്റെ സര്‍ക്കാര്‍ ആരോടും വിവേചനം കാണിച്ചിട്ടില്ലെന്നും കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ ക്ഷേമ പദ്ധതികളുടെ പ്രയോജനം കൈപ്പറ്റുന്നത് മുസ്ലീങ്ങളാണെന്ന് മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top