ഹത്‌റാസ് ബലാത്സംഗ കേസ് സിബിഐ അന്വേഷിക്കും: യോഗി സര്‍ക്കാര്‍

ലക്‌നൗ: ഹത്‌റാസ് കൂട്ടബലാത്സംഗ കേസ് സിബിഐ അന്വേഷിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസ് കൈകാര്യം ചെയ്തതില്‍ യുപി പൊലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി തന്നെ തുറന്നു സമ്മതിച്ചതിന് പിന്നാലെയാണ് കേസ് സിബിഐക്ക് വിടുന്നതായി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം. പെണ്‍കുട്ടിയുടെ കുടുംബത്തെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ച ദിവസം തന്നെയാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയാണെന്ന് യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം ഹത്‌റാസിലേക്ക് പോകാന്‍ എത്തിയ രാഹുലിനെ യുപി പൊലീസ് കൈകാര്യം ചെയ്തത് വലിയ വിവാദമായിരുന്നു. പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും ബന്ധുക്കളെ ബന്ദികളാക്കി യുപി പോലീസ് മൃതദേഹം സംസ്‌കരിച്ചതിനുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറിവരികയാണ്. അന്വേഷണം അട്ടിമറിക്കുമെന്നും യുപി പോലീസില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇന്ന് ആരോപിച്ചിരുന്നു. ഹത്‌റാസ് വിഷയം യുപി സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും ഒരുപോലെ തിരിച്ചടിയായി മാറുന്നുവെന്ന സാഹചര്യത്തിലാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ച് പ്രശ്‌നം ഒതുക്കാനുള്ള നീക്കം നടക്കുന്നത്.

Top