ആഗ്രയിലെ മുഗള്‍ മ്യൂസിയത്തിന്റെ പേരുമാറ്റി യോഗിസര്‍ക്കാര്‍

ലക്നൗ: ആഗ്രയില്‍ നിര്‍മാണത്തിലിരിക്കുന്ന മുഗള്‍ മ്യൂസിയത്തിന്റെ പേര് ഛത്രപതി ശിവജി മ്യൂസിയം എന്നാക്കി മാറ്റി യോഗി സര്‍ക്കാര്‍.ആഗ്രയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ തിങ്കളാഴ്ച ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മ്യൂസിയത്തിന്റെ പേര് മാറ്റാനുള്ള തീരുമാനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്.

അടിമത്ത മാനസികാവസ്ഥ വെച്ചുപുലര്‍ത്തുന്ന ഒന്നിനും ഉത്തര്‍പ്രദേശില്‍ സ്ഥാനമുണ്ടാവുകയില്ലെന്നും എങ്ങനെയാണ് മുഗളന്‍മാര്‍ നമ്മുടെ നായകന്മാരാകുക എന്നതില്‍ വ്യക്തതയില്ലെന്നും യോഗത്തില്‍ ആദിത്യനാഥ് പറഞ്ഞു.

ആഗ്രയില്‍ നിര്‍മാണത്തിലിരിക്കുന്ന മ്യൂസിയം ഇനിമുതല്‍ ഛത്രപതി ശിവജി മഹാരാജാവിന്റെ പേരില്‍ അറിയപ്പെടും. പുതിയ ഉത്തര്‍പ്രദേശില്‍ അടിമത്ത മനോഭാവത്തിന്റെ അടയാളങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒന്നിനും ഇടമില്ല. ശിവജി മഹാരാജാണ് നമ്മുടെ നായകനെന്നും ആദിത്യനാഥ് ട്വീറ്ററില്‍ കുറിച്ചു.

അഖിലേഷ് യാദവ് സര്‍ക്കാര്‍ 2015ലാണ് മുഗള്‍ മ്യൂസിയം നിര്‍മിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയത്. താജ്മഹലിനോട് ചേര്‍ന്ന് ആറ് എക്കര്‍ ഭൂമിയിലാണ് മ്യൂസിയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. മുഗള്‍ സംസ്‌കാരം, മുഗള്‍ കാലഘട്ടത്തിലെ പുരാവസ്തുക്കള്‍, പെയ്ന്റിങ്, വസ്ത്രരീതി, ആയുധം തുടങ്ങിയവ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.

അധികാരത്തിലേറിയപ്പോള്‍ മുതല്‍ ഉത്തര്‍പ്രദേശിലെ നിരവധി സ്ഥലങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പേരുകള്‍ യോഗി സര്‍ക്കാര്‍ മാറ്റിയിരുന്നു. ഇതിനെതിരേ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു.

Top