രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും സുരക്ഷയില്ലാത്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് യോഗിയുടെ സ്വന്തം ഉത്തര്‍പ്രദേശ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളിലാണ് യുപിയിലെ ദലിത്, ന്യൂനപക്ഷ വേട്ടയുടെ കണക്ക് വ്യക്തമാക്കുന്നത്. കാവിരാഷ്ട്രീയത്തിന്റേയും ജാതി രാഷ്ട്രീയത്തിന്റേയും വിളനിലമായ യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം അക്രമം വ്യാപകമായിരിക്കുകയാണ്.
സംസ്ഥാനത്ത് ക്രമസമാധാനപാലനം കൃത്യമായാണ് നടക്കുന്നതെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം യോഗി സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഈ വാദങ്ങള്‍ പൂര്‍ണമായും തള്ളുന്നതാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടനുസരിച്ച് ആള്‍ക്കൂട്ട ആക്രമണങ്ങളടക്കം ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ മൂന്നു വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ആക്രമണങ്ങളില്‍ 43 ശതമാനവും ഉത്തര്‍പ്രദേശിലാണ് നടന്നിരിക്കുന്നത്. 2016 മുതല്‍ 2019 ജൂണ്‍ 15 വരെയുള്ള കണക്കാണ് കമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ദലിതര്‍ക്ക് നേരെ മാത്രം നടന്ന ആക്രമണങ്ങളില്‍ 41 ശതമാനം വര്‍ധനയാണ് സംസ്ഥാനത്തുണ്ടായത്. 2016- 17 കാലഘട്ടത്തില്‍ 221 കേസുകളുണ്ടായിരുന്നത് 2018- 19 വര്‍ഷമായപ്പോള്‍ 311 ആയാണ് വര്‍ധിച്ചിരിക്കുന്നത്.
ഹിന്ദിഹൃദയ ഭൂമികളായ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ന്യൂനപക്ഷങ്ങള്‍ക്കും ദലിദര്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. പുതിയ കണക്കുകളനുസരിച്ച് 64 ശതമാനത്തിന്റെ ഞെട്ടിക്കുന്ന വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മോദി ഭരണകാലത്ത് ദലിതുകള്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരെയുണ്ടായ ആക്രമണങ്ങളിലെ വര്‍ധനയുടെ കണക്ക് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലും നേരത്തെ പുറത്ത് വിട്ടിരുന്നു.
2015 സെപ്റ്റംബര്‍ മുതല്‍ രാജ്യത്തുണ്ടായ ജാതീയവും വംശീയവുമായ ആക്രമണങ്ങളില്‍ 70 ശതമാനവും ദലിതുകള്‍ക്കു നേരെയായിരുന്നുവെന്ന് ആംനസ്റ്റി പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബലാല്‍സംഘം, കൊലപാതകം തുടങ്ങി 721 വംശീയ ആക്രമണങ്ങളാണ് ഇക്കാലയളവില്‍ രാജ്യത്തുണ്ടായത്. ഇതില്‍ 498 എണ്ണവും ദലിതുകള്‍ക്കു നേരെയും 156 എണ്ണം മുസ്ലീങ്ങള്‍ക്കെതിരേയുമായിരുന്നു. 103 ആക്രമണങ്ങളും പശുവിന്റെ പേരില്‍ ഹിന്ദു തീവ്രവാദികള്‍ നടത്തിയതാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
2018ല്‍ മാത്രം 218 വംശീയ ആക്രമണങ്ങളുണ്ടായപ്പോള്‍ അതില്‍ 142 എണ്ണവും ദലിതുകള്‍ക്കു നേരെയും 50 എണ്ണം മുസ്ലീങ്ങള്‍ക്കു നേരെയുമായിരുന്നു. കാവി രാഷ്ട്രീയം തലയ്ക്ക് പിടിച്ച് ഗോമാതാവിന്റെ പേരില്‍ തല്ലിക്കൊന്ന അഖ്ലാഖ് ഇപ്പോഴും രാജ്യത്തിന്റെ കണ്ണീരാണ്. 2015ല്‍ നടന്ന ഈ സംഭവം ലോകത്തിനു മുന്നില്‍ രാജ്യത്തെ നാണം കെടുത്തിയ സംഭവം കൂടിയായിരുന്നു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറവും പേരില്ലാത്ത അനേകം മുസ്ലീം- ദളിത് സഹോദരങ്ങളാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോശാലയിലെ പശുക്കള്‍ ചത്ത സംഭവത്തില്‍ എട്ട് ഉദ്യോഗസ്ഥരെ അടുത്തയിടെ സസ്പെന്‍ഡ് ചെയ്ത യോഗി ആദിത്യനാഥ് സര്‍ക്കാര്‍, സ്വന്തം സംസ്ഥാനത്ത് നടക്കുന്ന മനുഷത്വരഹിതമായ ഇത്തരം ആക്രമണങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്.
അച്ഛന്‍ കടംവാങ്ങിയ 12,000 രൂപ തിരിച്ചുകിട്ടാത്തതിന് രണ്ടുവയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊന്ന് കുപ്പത്തൊട്ടിയിലുപേക്ഷിച്ച സംഭവം നടന്നതും യോഗി ആദിത്യനാഥിന്റെ സംസ്ഥാനത്താണ്. നാടിനെ നടുക്കിയ ഈ സംഭവത്തില്‍ സേഷ്യല്‍ മീഡിയകളിലുള്‍പ്പെടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. ജാതിമത ഭേദമന്യേ എല്ലാ ജനങ്ങള്‍ക്കും സുരക്ഷ ഉറപ്പുവരുത്തുന്ന ഒരു സര്‍ക്കാര്‍ ഇപ്പോഴും യുപിയെ സംബന്ധിച്ച് ഒരു സ്വപ്‌നം തന്നെയാണ്.
പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മൂന്ന് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവം അരങ്ങേറിയതും ബി.ജെ.പിക്ക് ഭരണ പങ്കാളിത്വമുള്ള മറ്റൊരു സംസ്ഥാനത്താണ്. നിധീഷ്‌കുമാര്‍ മുഖ്യമന്ത്രിയായ ബിഹാറാണത്. ഇവിടെ ജെ.ഡി.യുവുമായി സഖ്യത്തിലാണ് ബി.ജെ.പി ഭരണം നടത്തുന്നത്. സരണ്‍ ജില്ലയിലെ ബനിയാപൂരില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു രാജ്യത്തെ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്. ഇത് ഒരു ആള്‍ക്കൂട്ട കൊലപാതകമായി കാണുവാന്‍ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
ആളുകളെ മര്‍ദ്ദിച്ചവര്‍ ഒരു ആദിവാസി ഗോത്രത്തില്‍ പെട്ടവരാണെന്നും കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ ദളിതുകളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. പശുക്കളെ മോഷ്ടിച്ചത് കൈയ്യോടെ പിടിക്കപ്പെട്ടപ്പോഴാണ് ഇവരെ ഗ്രാമീണര്‍ അടിച്ചതെന്നാണ് വാദം. ഈ സംഭവം ഒരു പ്രാദേശിക പ്രശ്‌നം മാത്രമാണെന്നും ബിഹാര്‍ മുഖ്യമന്ത്രി വാദിക്കുന്നുണ്ട്. ജനരോക്ഷം ഭയന്നാണ് ഇത്തരമൊരു പ്രസ്ഥാവനയുമായി മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തു വരാന്‍ കാരണം.
അതേസമയം യു.പിയിലും ബിഹാറിലും ന്യൂനപക്ഷ- ദളിത് വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ ശരിക്കും വെട്ടിലാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയുമാണ്. ഇത്തരം ആക്രമണങ്ങള്‍ സാമുദായിക ധ്രുവീകരണത്തിന് മാത്രമല്ല പ്രതിപക്ഷ ഐക്യത്തിനും കാരണമാകുമെന്ന ആശങ്ക ബി.ജെ.പിക്കുണ്ട്. പുതിയ കണക്കുകള്‍ പുറത്ത് വന്നത് അന്താരാഷ്ട്ര തലത്തില്‍ മോദിയുടെ പ്രതിച്ഛായക്കാണിപ്പോള്‍ ശരിക്കും തിരിച്ചടിയായിരിക്കുന്നത്.
Political Reporter