ലക്‌നൗ: യുപിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നഴ്‌സറി ക്‌ളാസ്സു മുതല്‍ ഇംഗ്ലീഷ് പഠിപ്പിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍.
നിലവില്‍ ആറാം ക്ലാസ് മുതലാണ് യുപിയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്.
ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ഇതിനായി പദ്ധതി തയ്യാറാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എല്ലാ കുട്ടികളേയും സ്‌കൂളിലേക്കെത്തിക്കുക, വ്യാപകമായ കോപ്പിയടി തടയുക, പത്താം ക്ലാസില്‍ ഇംഗ്ലീഷിന് പുറമെ മറ്റൊരു വിദേശ ഭാഷ പഠിക്കാന്‍ അവസരം ഒരുക്കുക എന്നീ ലക്ഷ്യങ്ങളും സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാരമ്പര്യവും ആധുനികതയും ഒരുമിപ്പിക്കും. ദേശീയതയിലൂന്നിയ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിനായിരിക്കും ഊന്നല്‍ എന്നാല്‍ അത് ആധുനികവുമായിരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തന്റെ സര്‍ക്കാരിന് പക്ഷപാതമില്ലെന്നും , ആളുകളുടെ മുഖം നോക്കിയല്ല നടപടികളെടുക്കുന്നതെന്നും യോഗി പറഞ്ഞു. നിയമം അനുസരിക്കുന്ന ആരും ഭയപ്പെടേണ്ട കാര്യമില്ല. പാര്‍ക്കിലിരിക്കുന്നവര്‍ കുറ്റമൊന്നും ചെയ്യുന്നില്ലെങ്കില്‍ പേടിക്കേണ്ട കാര്യമില്ല. പൂവാല വിരുദ്ധ സേനയുടെ നടപടികളെ സൂചിപ്പിച്ച് അദ്ദേഹം അറിയിച്ചു.
തന്റെ മുഖ്യമന്ത്രി സ്ഥാനം അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എംപിമാരുടെ സംഘത്തോടൊപ്പം പോര്‍ട്ട് ഓഫ് സ്‌പെയിനിലേക്ക് പോകാനിരിക്കുകയായിരുന്നു ഞാന്‍. എന്നാല്‍ പോകേണ്ടന്ന് പ്രധാനമന്ത്രി പറഞ്ഞു. മാര്‍ച്ച് 17 ന് ഫോണ്‍ ചെയ്ത് ഡല്‍ഹിയിലെത്താന്‍ അമിത് ഷാ ആവശ്യപ്പെടുകയായിരുന്നു. ഗോരഖ്പുരിലാണെന്നും ഡല്‍ഹിക്കുള്ള ട്രെയിന്‍ പോയെന്നും പറഞ്ഞപ്പോള്‍ അടുത്ത ദിവസം രാവിലെ ഒരു ചാര്‍ട്ടേഡ് വിമാനം അയച്ചു തന്നു. ഡല്‍ഹിയിലെത്തിയപ്പോളാണ് മുഖ്യമന്ത്രിയാകണമെന്ന കാര്യം അറിയിച്ചത്.
തനിക്ക് ഭരണ പരിചയമില്ലാത്തതിനാല്‍ താന്‍ തന്നെ ആവശ്യപ്പെട്ട പ്രകാരമാണ് രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് യുപി മുഴുവന്‍ യാത്ര ചെയ്യേണ്ടി വരുമെന്നും അപ്പോള്‍ ഭരണം നടത്താന്‍ തലസ്ഥാനത്ത് ആരെങ്കിലും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.