ലഖ്നൗ: രാജ്യത്ത് നാള്‍ക്കുനാള്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അയോധ്യയിലെ രാമനവമി ആഘോഷം റദ്ദാക്കാന്‍ തീരുമാനിച്ചു. ഭക്തരോട് അയോധ്യയിലേക്ക് വരരുതെന്ന് രാം ജന്മഭൂമി ന്യാസ് അധികൃതര്‍ അറിയിച്ചു. ഉത്തര്‍പ്രദേശില്‍ 33 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്.
ആഘോഷങ്ങള്‍ക്ക് ഭക്തജനങ്ങള്‍ എത്തേണ്ടതില്ലെന്ന് ശ്രീരാമ ജന്മഭൂമി തിര്‍ഥ് ക്ഷേത്ര ചെയര്‍മാന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് പറഞ്ഞു. ഏപ്രില്‍ രണ്ടിന് നടക്കേണ്ടിയിരുന്ന രാമ നവമി മേളയും ഒഴിവാക്കി. ഒമ്പത് ദിവസം നീളുന്ന നവരാത്രി ആഘോഷങ്ങള്‍ മാര്‍ച്ച് 25 മുതല്‍ ആരംഭിച്ച് ഏപ്രില്‍ രണ്ട് വരെ നീളുന്നതായിരുന്നു.
നേരത്തെ ആഘോഷങ്ങള്‍ മാറ്റിവെക്കില്ലെന്ന് രാം ജന്മഭൂമി ന്യാസ് അറിയിച്ചിരുന്നു. ആഘോഷങ്ങള്‍ നടത്തുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്കപ്രകടിപ്പിച്ചിരുന്നു. 15 ലക്ഷം ആളുകള്‍ പങ്കെടുക്കുന്ന ആഘോഷമാണ് അയോധ്യയിലെ നവരാത്രി.