തിരുവനന്തപുരം: കേരളത്തെ വിമര്‍ശിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.
പരാമര്‍ശത്തിലൂടെ യോഗി ആദിത്യനാഥ് കേരളീയരെ അപമാനിക്കുകയാണ് ചെയ്തതെന്ന് എംഎ ബേബി പറഞ്ഞു. സന്യാസി വേഷം ധരിച്ച ബിജെപിയുടെ നേതാവ് മാത്രമല്ല ആദിത്യനാഥ്. ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രിയാണെന്ന കാര്യം അദ്ദേഹം മറക്കരുതെന്ന് എംഎ ബേബി പറഞ്ഞു.
”യോഗി ആദിത്യനാഥ് എല്ലാ കേരളീയരെയും അപമാനിക്കുകയാണ് ചെയ്തത്. സന്യാസി വേഷം ധരിച്ച ബിജെപിയുടെ നേതാവ് മാത്രമല്ല ആദിത്യനാഥ് എന്നത് അദ്ദേഹം ഓര്‍ക്കുക. ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മുഖ്യമന്ത്രി ആണ്. ആ ഉത്തരവാദിത്തം കാണിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. കേരളം, കാശ്മീര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ പോലെ ആകരുത് ഉത്തര്‍പ്രദേശ് എന്ന് അദ്ദേഹം പറയുന്നതിലൂടെ ഈ സംസ്ഥാനങ്ങളിലെ ജനങ്ങളെ അധിക്ഷേപിക്കുകയാണ്.”
”മികവിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന കേരളവും ഏറ്റവും താഴെ നില്ക്കുന്ന ഉത്തര്‍പ്രദേശും തമ്മില്‍ ഒരു താരതമ്യവും ഇല്ല എന്ന വസ്തുത പോട്ടെ, കേരളം ഏറ്റവും മോശപ്പെട്ട സംസ്ഥാനമാണെങ്കില്‍ തന്നെ ഒരു മുഖ്യമന്ത്രി ഇങ്ങനെ വേറെ ഒരു സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കാന്‍ പാടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുമ്പൊരിക്കല്‍ ഒരു ആഫ്രിക്കന്‍ രാജ്യവുമായി ചേര്‍ത്തു പറഞ്ഞു കേരളത്തെ അപമാനിക്കാന്‍ ശ്രമിച്ചു. ഇവരുടെയെല്ലാം ഇടുങ്ങിയ മനസ്ഥിതിയെ ആണ് ഇത് വെളിപ്പെടുത്തുന്നത്.” എംഎ ബേബി പറഞ്ഞു.