മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിക്കപ്പെട്ടതിനു പിന്നാലെ താരത്തിന് പിന്തുണയുമായി ഇന്ത്യന്‍ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. നേരത്തെ സമാനമാായ അസുഖത്തെ തോല്‍പ്പിച്ച് കളിക്കളത്തിലേക്കു മടങ്ങിയെത്തിയ വ്യക്തി കൂടിയാണ് യുവി. എത്രയും വേഗത്തില്‍ ദത്ത് രോഗമുക്തനായി മടങ്ങിവരട്ടെയന്നാണ് അദ്ദേഹം ആശംസിച്ചത്.
‘നിങ്ങള്‍ എല്ലായ്പ്പോഴും പോരാളി തന്നെയായിരിക്കും. ഇതുണ്ടാക്കുന്ന വേദന എത്രയുണ്ടാവുമെന്ന് എനിക്കറിയാം. എന്നാല്‍ നിങ്ങള്‍ കരുത്തനാണെന്നും ഈ കഠിനമായ ഘട്ടത്തെ മറികടക്കുമെന്നും എനിക്കറിയാം. എത്രയും വേഗത്തില്‍ രോഗമുക്തനാവാന്‍ എന്റെ പ്രാര്‍ഥനയും ആശംസകളുമുണ്ടാകും’ യുവി ട്വീറ്റ് ചെയ്തു.
അതേസമയം, നാലാം ഘട്ടത്തിലെത്തിയപ്പോളാണ് താരത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചത്. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സജ്ഞയ് ദത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേളയെടുത്ത് ചികിത്സയ്ക്കായി പോകുമെന്ന് താരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ശ്വാസതടസത്തെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കൊവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായി. നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന താരം ട്വിറ്ററിലൂടെ തന്റെ സുഖവിവരം അറിയിച്ചിരുന്നു.