ദുബായ്: ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കിനി യു എ ഇ വ്യോമാതിര്‍ത്തിയിലൂടെ ഖത്തറിലേക്കു പറക്കാം. ഇതോടെ നിരക്കു വര്‍ധനവെന്ന ആശങ്കയും ഒഴിവായി.
ഖത്തറില്‍നിന്നു കൊച്ചിയിലേക്ക് മാത്രം 60000 രൂപയോളം ടിക്കറ്റ് നിരക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എയര്‍ ഇന്ത്യ ലഗേജിനു നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
വ്യേമനിരോധനം ഒഴിവായതോടെ ജെറ്റ് എയര്‍വെയ്‌സും ഇന്‍ഡിഗോയും യു എ ഇ വഴി ഖത്തര്‍ സര്‍വീസ് പുനരാരംഭിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടുത്തു തന്നെ ഇതുവഴി സര്‍വീസ് ആരംഭിക്കും.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരിയാണ് ഇക്കാര്യം അറിയിച്ചത്.
ഖത്തറിനെതിരേ വ്യോമനിരോധനം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ ഇറാന്‍, പാക്കിസ്ഥാന്‍ വഴിയാണ് ഖത്തറിനു പോയിരുന്നത്. ഇതു മൂലം ഒരു മണിക്കൂറോളം സമയനഷ്ടം വന്നിരുന്നു.
കേരളത്തില്‍നിന്നുള്ള വിമാനങ്ങള്‍ 50 മിനിറ്റ് അധികവും മുംബൈയില്‍നിന്ന് 25 മിനിറ്റ് അധികവും പറക്കേണ്ടിവന്നിരുന്നു.
ഖത്തറിലുള്ള ആറു ലക്ഷത്തോളം ഇന്ത്യക്കാര്‍ പ്രതിസന്ധിയിലായതോടെ ഇന്ത്യന്‍ അംബാസഡര്‍ വിഷയം യു എ ഇ അധികൃതര്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു.
ഖത്തറില്‍ നിന്ന് അവധിക്കാലത്തു നാട്ടിലേക്കു പോരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയാണിത്.