ഭാഷ പരിധിതിയില്ലാതെ പാട്ടുകേള്‍ക്കാം; സ്പോട്ടിഫൈയിലും ഇനി എഐ സ്പര്‍ശം

ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പോഡ്കാസ്റ്റുകള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ഫീച്ചര്‍ കൊണ്ടുവരുമെന്ന് സ്‌പോട്ടിഫൈ. പരീക്ഷണാടിസ്ഥാനത്തില്‍ ഡാക്‌സ് ഷെപ്പേര്‍ഡ്, ലെക്‌സ് ഫ്രിഡ്മാന്‍ തുടങ്ങിയ പോഡ്കാസ്റ്റുകള്‍ വോയ്സ് ട്രാന്‍സ്ലേഷന്‍ ആരംഭിച്ചതായി കമ്പനി വക്താക്കള്‍ വ്യക്തമാക്കി. ഇതോടെ ആസ്വാദനത്തിന്റെ മറ്റൊരു തലം ശ്രോതാക്കള്‍ക്കായി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.

മൈക്രോസോഫ്റ്റിന്റെ ഓപ്പണ്‍ എഐയുടെ പിന്തുണയുള്ള ഈ ഫീച്ചര്‍ വഴി ട്രാന്‍സ്ലേറ്റ് ചെയ്യപ്പെടുന്ന പതിപ്പുകള്‍ യഥാര്‍ത്ഥ കലാകാരന്മാരുടെ ശബ്ദത്തിലും ശൈലിയിലുമായിരിക്കും കേള്‍ക്കാന്‍ കഴിയുക. അതിനാല്‍ പരമ്പരാഗത ഡബ്ബിങ് ശൈലികളില്‍ നിന്ന് വ്യത്യസ്തമായി വളരെ സ്വഭാവികതയോടെ തന്നെ ശ്രോതാക്കള്‍ക്ക് ആസ്വദിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

‘ലോകമെമ്പാടുമുള്ള ശ്രോതാക്കള്‍ക്ക് ഈ ഫീച്ചറിലൂടെ പുതിയ പോഡ്കാസ്റ്ററുകള്‍ കണ്ടെത്താനും അത് ആസ്വദിക്കാനും സാധിക്കും.അങ്ങനെ ശ്രോതാക്കളും അവതാരകരും തമ്മില്‍ ഒരു മികച്ച ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ സ്പോട്ടിഫൈ വിപി സിയാദ് സുല്‍ത്താന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സ്പാനിഷ്, ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളിലേക്കാണ് നിലവില്‍ പോഡ്കാസ്റ്റ് ഷോ എപ്പിസോഡുകളുടെ ട്രാന്‍സ്ലേഷന്‍ പതിപ്പുകള്‍ തിങ്കളാഴ്ച മുതല്‍ ലഭ്യമാകുന്നത്. തുടര്‍ന്ന് ഉപയോക്താക്കളുടെ പ്രതികരണങ്ങള്‍ക്ക് ശേഷം ഇത് വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. വോയിസ് ട്രാന്‍സ്ലേഷന്‍ ഫീച്ചറിലൂടെ പോഡ്കാസ്റ്റുകളുടെ ശ്രോതാക്കളുടെ എണ്ണം കൂടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Top