ലഖ്‌നൗ: ബുലന്ദ്ശഹറില്‍ രണ്ട് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതുമാത്രമേ പലരും കണ്ടുള്ളുവെന്നും 21 പശുക്കള്‍ ചത്തത് ആരും കണ്ടില്ലെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ സഞ്ജയ് ശര്‍മ.
സുമിത്ത് എന്നയാളുടെയും ഒരു പൊലീസ് ഉദ്യോഗസ്ഥന്റെയും മരണം മാത്രമാണ് നിങ്ങള്‍ കണ്ടത്. 21 പശുക്കള്‍ ചത്തൊടുങ്ങിയത് നിങ്ങള്‍ കണ്ടില്ല. പശുക്കളെ കൊലപ്പെടുത്തിയവരെ എത്രയും വേഗം കണ്ടെത്തണം. ഞങ്ങളുടെ ഗോമാതാവിനെ കൊലപ്പെടുത്തിയപ്പോഴാണ് ജനരോക്ഷം ഉയര്‍ന്നത്- സഞ്ജയ് ശര്‍മ പറഞ്ഞു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് സിവില്‍ സര്‍വന്റുമാര്‍ കത്തയച്ചതിന് പിന്നാലെയാണ് ബിജെപി എംഎല്‍എയുടെ പ്രസ്താവന.അക്രമത്തിന് പ്രേരണ നല്‍കിയത് വഴി സംസ്ഥാനത്തെ ജനാധിപത്യ മൂല്യങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഭരണത്തിന്റെ അടിസ്ഥാന തത്വങ്ങളും ഭരണഘടനാ ധാര്‍മ്മികതയും ലംഘിക്കപ്പെട്ടെന്നും കത്തില്‍ പറയുന്നു.
ജനങ്ങളില്‍ മതഭ്രാന്ത് നിറച്ച് ഒരു മുഖ്യ പുരോഹിതനെപ്പോലെയാണ് ആദിത്യനാഥ് യുപിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും മറ്റെന്തിനേക്കാള്‍ പ്രാധാന്യം മതത്തിന് നല്‍കുന്നുവെന്നും അവര്‍ കത്തിലൂടെ കുറ്റപ്പെടുത്തി.
കലാപത്തെ ഒരു ആക്സിഡന്റ് എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് അതിലൂടെ സംഭവത്തെ വഴിതിരിച്ചു വിടാനാണ് ആദിത്യനാഥ് ശ്രമിച്ചതെന്നും, ഭരണഘടനാപരമായ മൂല്യങ്ങളുടെ പൂര്‍ണമായ തകര്‍ച്ചയാണ് ബുലന്ദ്ശഹറില്‍ നടന്നതെന്നും അത് മനപൂര്‍വ്വം ശൃഷ്ടിക്കപ്പെട്ട കലാപമായിരുന്നുവെന്നും അവര്‍ കത്തില്‍ പറയുന്നു.