‘എന്നോട് നിങ്ങള്‍ സംസാരിക്കരുത്’; സ്മൃതി ഇറാനിയും സോണിയാഗാന്ധിയും തമ്മിൽ വാക്‌പോര്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തമ്മില്‍ പാര്‍ലമെന്റില്‍ വാക് പോര്. രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിനെതിരായ വിവാദ പരാമര്‍ശനത്തിന്റെ പേരില്‍ ലോക്‌സഭയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ബഹളം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് നാലു മണി വരെ സഭ പിരിയുന്നതായി ലോക് സഭാ സ്പീക്കര്‍ അറിയിച്ചു. ഇതിനു ശേഷമാണ് സോണിയാ ഗാന്ധിയും സ്മൃതിയും തമ്മില്‍ കോര്‍ത്തത് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഉച്ചയ്ക്ക് 12 മണിയോടെയാണ് ലോക്സഭ നിര്‍ത്തിവച്ചത്. അതിനു മുമ്പ് സ്മൃതി ഇറാനി ലോക്‌സഭയില്‍ പ്രസംഗിച്ചിരുന്നു. ചൗധരിയുടെ ‘രാഷ്ട്രപത്‌നി’ പരാമര്‍ശത്തില്‍ സോണിയ ഗാന്ധിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനി, സോണിയാ ഗാന്ധി മുര്‍മുവിനോട് മാപ്പ് പറയണമെന്ന് പറഞ്ഞു. ദ്രൗപതി മുര്‍മുവിനെ അപമാനിക്കാന്‍ സോണിയ ഗാന്ധി അനുമതി നല്‍കിയെന്നും സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭരണഘടനാ പദവികളില്‍ സ്ത്രീകളെ അപമാനിക്കുന്നത് തുടരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ മാത്രമല്ല, രാജ്യത്തെ എല്ലാ തെരുവുകളിലും പാര്‍ട്ടി മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തതു മുതല്‍ തന്നെ കോണ്‍ഗ്രസ് ലക്ഷ്യമിട്ടതായി സ്മൃതി പറഞ്ഞു. രാജ്യത്തെ കൊള്ളയടിക്കുന്നവരാണ് ഗാന്ധിമാരെന്നും സ്മൃതി ആരോപിച്ചു. രാഷ്ട്രപതിയെ ഈ രീതിയില്‍ അഭിസംബോധന ചെയ്യുന്നത് ഭരണഘടനാ പദവിയെ മാത്രമല്ല, അവര്‍ പ്രതിനിധീകരിക്കുന്ന സമ്പന്നമായ ഗോത്ര പാരമ്പര്യത്തെയും അപമാനിക്കുകയാണെന്നും സ്മൃതി ആരോപിച്ചു. പ്രസംഗത്തിനു ശേഷം പിന്നാലെ സഭയില്‍ ബഹളമായി. ഉച്ചയ്ക്ക് 12 മണിക്ക് ലോക്സഭ പിരിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ ‘രാഷ്ട്രപത്‌നി’ പരാമര്‍ശത്തില്‍ സോണിയ ഗാന്ധിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി എംപിമാര്‍ മുദ്രാവാക്യം വിളിച്ചു. ഇതിനിടയിൽ സ്‌മൃതിയുമായി സോണിയ ഗാന്ധി വാക്‌പോര് തുടങ്ങി. പ്രകോപിതനായ കോണ്‍ഗ്രസ് അധ്യക്ഷ ‘എന്നോട് നിങ്ങള്‍ സംസാരിക്കരുത്’ എന്ന് പറഞ്ഞു. ഇരു നേതാക്കളും തമ്മിലുള്ള രൂക്ഷമായ വാക്കേറ്റം രണ്ടോ മൂന്നോ മിനിറ്റോളം നീണ്ടതായാണ് വിവരം.

സ്മൃതി ഇറാനിയും ചില ബിജെപി എംപിമാരും പോലും സോണിയ ഗാന്ധിയോട് മോശമായി പെരുമാറിയെന്ന് കോണ്‍ഗ്രസ് എംപിമാരായ ഗീത കോറയും ജ്യോത്സ്‌ന മഹന്തും ആരോപിച്ചു. എന്നാല്‍ ബിജെപി വനിതാ പാര്‍ലമെന്റംഗങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷയ്ക്കെതിരെ പ്രത്യേകാവകാശ പ്രമേയം അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഈ പരാമര്‍ശത്തില്‍ സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നത് തുടരുമെന്ന് ബിജെപി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. സഹിഷ്ണുതയില്ലാതെ സോണിയാഗാന്ധി പെരുമാറുന്നു എന്നാണ് ബിജെപി ആരോപണം. കൂടാതെ രാഷ്ട്രപത്‌നി വിഷയത്തില്‍ അധിരഞ്ജന്‍ ചൗധരി മാപ്പു പറഞ്ഞിട്ടില്ലെന്നിരിക്കെ സഭയെ തെറ്റിദ്ധരിപ്പിച്ചു എന്നും സോണിയയ്‌ക്കെതിരേ ആരോപണം ഉയരുന്നു.

Top