യു ട്യൂബിന് മലയാളത്തില്‍ 100 ശതമാനം വളര്‍ച്ച; കരിക്ക് മുന്‍പന്തിയില്‍

കൊച്ചി: യുവാക്കളുടെ പ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ യു ട്യൂബിലെ മലയാളം ഉള്ളടക്കത്തിന്റെ ഉപഭോഗത്തില്‍ 100 ശതമാനത്തിലേറെ വര്‍ഷിക വളര്‍ച്ച കൈവരിച്ചതായി അധികൃതര്‍ അറിയിച്ചു. പത്ത് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബര്‍മാരുള്ള മലയാളം ചാനലുകളുടെ എണ്ണം 17 ആയി കൂടിയിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ടാണ് മലയാളത്തില്‍ യൂ ട്യൂബിന് ഏറ്റവും അധികം വളര്‍ച്ചയുണ്ടായത്. മാധ്യമസ്ഥാപനങ്ങളെ ഒഴിവാക്കിയാല്‍ ഏറ്റവും അധികം വരിക്കാരുള്ള മലയാളം യൂ ട്യൂബ് ചാനല്‍, കോമഡി വീഡിയോകളും, വെബ് സീരീസുകളും ഒരുക്കുന്ന കരിക്ക് ആണ്. കരിക്കിന് നിലവില്‍ 26 ലക്ഷം വരിക്കാരാണ് ഉള്ളത്. എം 4 ടെകിന് 18 ലക്ഷം വരിക്കാരാണ് ഉള്ളത്. കൂടാതെ എം.ടി വ്‌ളോഗ്, വില്ലേജ് ഫുഡ് ചാനല്‍, വീണാസ് കറി വേള്‍ഡ്, സ്‌കിന്നി റെസിപീസ്, ലില്ലീസ് നാച്വറല്‍ ടിപ്സ് എന്നിവയാണ് 10 ലക്ഷത്തിലേറെ വരിക്കാരുള്ള മറ്റു ചാനലുകള്‍.

മലയാളത്തില്‍ ഏറ്റവുമധികം ഡിമാന്‍ഡ് കോമഡി, മ്യൂസിക്, വിനോദം, ഫുഡ്, ടെക്നോളജി, പഠനം, വാര്‍ത്ത എന്നീ മേഖലകളിലെ വീഡിയോകള്‍ക്കാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Top