യുവനടന്‍ സായ് ധരം തേജ് ആരോഗ്യം വീണ്ടെടുക്കുന്നു

ഹൈദരാബാദ്: ബൈക്കപകടത്തില്‍ ചികിത്സയില്‍ തുടരുന്ന തെലുങ്ക് യുവനടന്‍ സായ് ധരം തേജ് പൂര്‍വാവസ്ഥയിലേക്ക് തിരിച്ചെത്തുന്നതായി ആശുപത്രി വൃത്തങ്ങള്‍. ശനിയാഴ്ച താരം ബോധം വീണ്ടെടുത്തെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. എന്നാല്‍, സായ് ഡോക്ടമാരുടെ നിരീക്ഷണത്തില്‍ തന്നെ തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സായ് ധരം തേജിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി.

കുറച്ച് ദിവസം കൂടി താരം ആശുപത്രിയില്‍ തുടരുമെന്നുമാണ് മെഡിക്കല്‍ ബുള്ളറ്റിന്‍. സെപ്റ്റംബര്‍ 10ന് രാത്രി 8.30ന് ഉണ്ടായ വാഹനാപകടത്തിനെ തുടര്‍ന്ന് തെലുങ്ക് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രശസ്തമായ ദുര്‍ഗംചെരുവു കേബിള്‍ പാലത്തിലൂടെ സ്‌പോര്‍ട്‌സ് ബൈക്ക് ഓടിച്ചുപോകുമ്പോള്‍ വാഹനം തെന്നിമാറി റോഡിലേക്ക് വീഴുകയായിരുന്നു.

അപകടസമയത്ത് താരം മദ്യപിച്ചിരുന്നില്ല. എന്നാല്‍, റോഡിലുണ്ടായിരുന്ന മണലിലൂടെ ബൈക്ക് തെന്നി മാറിയാണ് അപകടം സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. നടനെതിരെ അമിത വേഗതയ്ക്കും അശ്രദ്ധമായ ഡ്രൈവിങ്ങിനും സൈബരാബാദ് പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Top