ബംഗളുരുവില്‍ ആദ്യ എക്സ്ലൂസീവ് സര്‍വീസ് സെന്റര്‍ ആരംഭിച്ച് നത്തിങ്. ഒരു യുവ ബ്രാന്‍ഡ് എന്ന നിലയില്‍ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടത് വളരെ പ്രധാനമാണെന്ന് നത്തിങ് ഇന്ത്യ ജനറല്‍ മാനേജറും വൈസ് പ്രസിഡന്റുമായ മനു ശര്‍മ പറഞ്ഞു. ഇന്ത്യയിലെ ഉപഭോക്താക്കളോടുള്ള തങ്ങളുടെ പ്രതിബദ്ധതയും അവര്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനുള്ള അര്‍പ്പണബോധവുമാണ് എക്സ്‌ക്ലൂസീവ് സര്‍വീസ് സെന്ററിന് അവതരിപ്പിക്കുന്നതിലൂടെ പ്രകടമാവുന്നത് എന്നും മനുശര്‍മ ഇന്ത്യന്‍ എക്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നത്തിങിന്റെ ലോകത്തിലെ തന്നെ ആദ്യ എക്സ്ലൂസീവ് സര്‍വീസ് സെന്ററാണ് ഇന്ദിര നഗറില്‍ ആരംഭിച്ചിരിക്കുന്നത്. സേവനത്തിനായി കാത്തിരിക്കുന്നവര്‍ക്ക് പാക് മാന്‍ പോലുള്ള ഗെയിമുകള്‍ കളിച്ച് സമയം നീക്കാനും സൗകര്യമുണ്ടാവും. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ താമസിയാതെ എക്സ്ലൂസീവ് സര്‍വീസ് സെന്ററുകള്‍ പ്രഖ്യാപിക്കും. 2024 ആവുമ്പോഴേക്കും രാജ്യത്ത് 20 സര്‍വ്വീസ് സെന്ററുകളായി വര്‍ധിപ്പിക്കും. 2025 ആവുമ്പോഴേക്കും അത് 35 ആയി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
വില്‍പനയ്ക്ക് ശേഷമുള്ള വിവിധ സേവനങ്ങള്‍ നല്‍കുന്നതിനൊപ്പം തന്നെ നത്തിങിന്റെ ഏറ്റവും പുതിയ ഉല്‍പന്നങ്ങളും ഒഫിഷ്യല്‍ ആക്സസറികളും സര്‍വ്വീസ് സെന്ററുകളില്‍ നിന്ന് ലഭിക്കും. രാജ്യത്തുടനീളം 300 സര്‍വീസ് സെന്ററുകള്‍ നത്തിങിന് ഉണ്ടെങ്കിലും എക്സ്‌ക്ലൂസീവ് സര്‍വീസ് സെന്ററില്‍ മികച്ച സേവനങ്ങളാണ് ലഭിക്കുക. രണ്ട് മണിക്കൂര്‍ കൊണ്ട് അറ്റകുറ്റപ്പണി ചെയ്ത് നല്‍കുന്നതുള്‍പ്പടെ ഇക്കൂട്ടത്തിലുണ്ടാവും.
അതിന് സാധിച്ചില്ലെങ്കില്‍ പകരം മറ്റൊരു ഫോണ്‍ ഉപഭോക്താവിന് നല്‍കും.
19000 പിന്‍ കോഡുകളില്‍ പിക്ക് അപ്പ് ഡ്രോപ്പ് സൗകര്യവും നത്തിങ് നല്‍കി വരുന്നുണ്ട്. എല്ലാ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ഉപഭോക്താക്കള്‍ക്കായി നത്തിങ് സര്‍വ്വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇവിടെ ലേബര്‍ ചാര്‍ജിലും ഘടകഭാഗങ്ങളുടെ വിലയിലും ഇളവുകളുണ്ടാവും. ഫോണ്‍ വാങ്ങി ഏഴ് ദിവസത്തിനിടെ അവ എക്സ്ലൂസീവ് സ്റ്റോറുകളില്‍ നിന്ന് മാറ്റി വാങ്ങുകയും ചെയ്യാം.