മലപ്പുറം: പൊലീസ് ഒത്താശയോടെ നടക്കുന്ന അനധികൃത കരിങ്കല്‍ ഖനനത്തിനെതിരെ റവന്യൂവകുപ്പ് നടപടി ശക്തമാക്കുന്നു.
വേങ്ങര പൊലീസിന്റെ മൂക്കിന് മുന്നിലൂടെ കടന്ന് പോവുന്ന കരിങ്കല്‍ കയറ്റിയ രണ്ട് വാഹനങ്ങള്‍ തിരൂര്‍ സബ് കളക്ടര്‍ അദീല അബ്ദുള്ള നേരിട്ടെത്തി പിടികൂടി.
പരിസ്ഥിതി പ്രാധാന്യമുള്ള ഊരകം മലയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇതുവരെ അധികൃതര്‍ കണ്ണടക്കുകയായിരുന്നു.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്ഥലത്ത് മിന്നല്‍ പരിശോധന നടത്തിയ സബ്കളക്ടര്‍ക്ക് മുന്നിലൂടെ യാതൊരു നിയമങ്ങളും പാലിക്കാതെ കരിങ്കല്ലുമായി കടന്നുപോയ വാഹനങ്ങളാണ് പിടിയിലായത്.
തുടര്‍ന്ന് സബ്കളക്ടര്‍ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് നടപടി സ്വീകരിച്ചത്. പിടിച്ചെടുത്ത വാഹനങ്ങള്‍ പിന്നീട് ജിയോളജിക്കല്‍ വകുപ്പിന് കൈമാറി.
ഒരു ഉന്നതന്റെയടക്കം നൂറോളം ക്വാറികളാണ് ഊരകംമലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നത്.
പണം വാരിയെറിയുന്നതിനാല്‍ പൊലീസും ബന്ധപ്പെട്ട മറ്റ് ഉദ്യേഗസ്ഥരും ക്വാറി മാഫിയയെ സഹായിക്കുകയും എതിര്‍ക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നുമാണ് ജനങ്ങള്‍ക്കിടയിലെ ആരോപണം.
പരിസ്ഥിതിയെ തകര്‍ക്കുന്ന ഒരു നീക്കത്തിനും കൂട്ട് നില്‍ക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ ശക്തമായ നടപടി തുടരണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
നേരത്തെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന രണ്ട് പ്രമുഖ ക്വാറികള്‍ക്കെതിരെ പരിസരവാസികള്‍ ചെന്നൈ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ പരാതിയില്‍ കോടതി ഈ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചിരുന്നു.
എന്നാല്‍ ഇതേ ഉടമകള്‍ പേര് മാറ്റി ഈ സ്ഥലത്തിന് തൊട്ടടുത്ത് തന്നെ വീണ്ടും ക്വാറിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നുവത്രെ.
ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തുന്ന ഇവയുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.
സംഭവ സ്ഥലം സന്ദര്‍ശിച്ച സബ്കളക്ടറോട് ക്വാറികളുടെ പ്രവര്‍ത്തനം മൂലം വീടുകള്‍ക്ക് കേടുപാട് സംഭവിച്ചതായി നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ട്.