കഴക്കൂട്ടത്ത് യുവാവിനെ മര്‍ദിച്ച സംഭവം; എസ്ഐക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിനു സമീപം നിന്ന യുവാവിനെ അകാരണമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി. ആരോപണ വിധേയനായ കഴക്കൂട്ടം എസ് ഐ വിമലിനെ സസ്‌പെന്റ് ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമ്മീഷണറാണ് നടപടിയെടുത്തത്.

കഴക്കൂട്ടം സ്വദേശി ഷിബുകുമാറാണ് പൊലീസ് മര്‍ദ്ദനത്തില്‍ മുതുകിലും തോളിലും പരിക്കേറ്റെന്ന് കാണിച്ച് ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയത്. യുവാവിന്റെ പരാതിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണം നടത്താനും തീരുമാനമായി.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. കഴക്കൂട്ടം മേല്‍പാലത്തിനു താഴെ സ്ഥിരമായി സാമൂഹ്യ വിരുദ്ധ സംഘം തമ്പടിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. മഫ്തിയിലെത്തിയ പൊലീസ് സംഘം പാലത്തിന് താഴെയുണ്ടായിരുന്നവരെ ആട്ടിപ്പായിച്ചു. ഇതിനിടെയിലാണ് ഷിബുവിന് പരിക്കേറ്റത്. കഴക്കൂട്ടം എസ്‌ഐയാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഷിബു പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ മദ്യപാനികള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് ഷിബുവിന് പരിക്കേറ്റതെന്നും റസിഡന്‍സ് അസോസിയേഷനില്‍ നിന്നും പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവിടെ എത്തിയതെന്നുമായിരുന്നു പൊലീസ് വാദം.

 

Top