തിരുവനന്തപുരത്ത് മിശ്രവിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിന് ക്രൂര മര്‍ദനം

തിരുവനന്തപുരം: വ്യത്യസ്ത മതത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം. തിരുവനന്തപുരം ആനത്തലവട്ടം സ്വദേശി മിഥുന്‍ കൃഷ്ണയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് ഭാര്യ ദീപ്തിയുടെ സഹോദരന്‍ ദാനിഷാണ്.

ഒക്ടോബര്‍ 31നാണ് കൊലപാതക ശ്രമം നടന്നത്. മര്‍ദനത്തില്‍ മിഥുനിന്റെ കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് മിഥുന്‍.

മിഥുനും ദീപ്തിയും പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ക്ക് സമ്മതമായിരുന്നില്ല. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഒക്ടോബര്‍ 29ന് ഇരുവരും വിവാഹം കഴിച്ചു. വീട്ടുകാരുടെ പരാതിയില്‍ ഇരുവരേയും സ്റ്റേഷനില്‍ വിളിച്ചുവരുത്തിയെങ്കിലും ഭര്‍ത്താവിനൊപ്പം പോകണമെന്ന് ദീപ്തി പറഞ്ഞതോടെ കേസ് സ്റ്റേഷനില്‍ വെച്ച് ഒത്തുതീര്‍പ്പായതാണ്.

ഇതിന് ശേഷം സഹോദരന്‍ ഇരുവരേയും നേരില്‍ കാണാനെത്തി. വീട്ടുകാരുമായി സംസാരിച്ച് വിവാഹം നടത്താം മതം മാറേണ്ടതില്ലെന്ന് പറഞ്ഞാണ് പള്ളിയിലേക്ക് കൂട്ടിക്കൊണ്ട് പോയത്. ഇവിടെ വെച്ച് മിഥുനിനോട് പണം തരാം ഒഴിഞ്ഞ് പോകണം എന്ന് ആവശ്യപ്പെട്ടെങ്കിലും മിഥുന്‍ വഴങ്ങിയില്ല.

മിഥുന് സാമ്പത്തികശേഷിയില്ലെന്നും സ്വന്തമായി ഒരു വീടുപോലുമില്ലാത്തയാളാണെന്നും ദീപ്തിയോടും സഹോദരന്‍ പറഞ്ഞു. ഒരു വാക്ക് പറഞ്ഞാല്‍ പണം കൊടുത്ത് മിഥുനെ ഒഴിവാക്കാമെന്ന് പറഞ്ഞെങ്കിലും ദീപ്തി ഭര്‍ത്താവിനൊപ്പം പോകണമെന്ന് തീരുമാനിക്കുകയായിരുന്നു.

എറണാകുളത്ത് ഡോക്ടറാണ് ദാനിഷ്. അമ്മയെ ഒന്ന് വീട്ടില്‍ വന്ന് കണ്ട ശേഷം പോകാം എന്ന് പറഞ്ഞാണ് മിഥുനേയും തന്നെയും ഒപ്പം കൂട്ടി പോയതെന്നും വീടിന് സമീപത്ത് എത്തിയപ്പോള്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങി മിഥുനിനെ മര്‍ദിക്കുകയായിരുന്നുവെന്നും ദീപ്തി പറയുന്നു.
മിഥുനിനെ മര്‍ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച തനിക്ക് മുഖത്തും കവിളിലും വയറ്റിലും മര്‍ദനമേറ്റതായി ദീപ്തി പറഞ്ഞു. സഹോദരനെതിരെ ചിറയന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. മതം മാറി വിവാഹം കഴിച്ചതിന്റെ പേരില്‍ ദുരഭിമാനത്തെ തുടര്‍ന്നാണ് കൊലപ്പെടുത്താനുള്ള ശ്രമം നടന്നതെന്നും പരാതിയില്‍ പറയുന്നു. ജാതി വിളിച്ച് അധിക്ഷേപിച്ചതായും പരാതിയില്‍ പറയുന്നു.

 

Top