കശ്മീര്‍ താഴ്‌വരയില്‍ സൈന്യത്തിനു നേരെ കല്ലേറിന് നേതൃത്വം നല്‍കിയ യുവാവ് കൊല്ലപ്പെട്ടു

കശ്മീര്‍: കശ്മീര്‍ താഴ്‌വരയില്‍ സൈന്യത്തിനു നേര്‍ക്ക് കല്ലേറിന് നേതൃത്വം നല്‍കിയിരുന്നയാള്‍ കൊല്ലപ്പെട്ടു.

തൗസീഫ് അഹമ്മദ് വാനി എന്ന 27കാരനാണ് കൊല്ലപ്പെട്ടതെന്നു സൈന്യം അറിയിച്ചു. പുല്‍വാമയിലെ കാകപോറ ചൗക്കിക്കടുത്താണ് ഇയാള്‍ കൊല്ലപ്പെട്ടത്.

പുല്‍വാമയിലെ തെങ്പുന സ്വദേശിയായ തൗസീഫിനു നേര്‍ക്ക് വിവിധ സ്റ്റേഷനുകളിലായി 10 കേസുകള്‍ നിലവിലുണ്ട്. 2011-ല്‍ പോലീസിനെതിരായ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലായിരുന്നു. ഇതിനുശേഷം പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷം ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹന്‍ വാനി കൊല്ലപ്പെട്ട ശേഷം നടന്ന പ്രക്ഷോഭത്തിനിടെ വീണ്ടും അറസ്റ്റിലായി. രണ്ടു മാസം മുമ്പാണ് ഇയാള്‍ ജയില്‍ മോചിതനായത്.

ഷെല്ലാക്രമണത്തില്‍ പരിക്കേറ്റാണ് തൗസീഫ് കൊല്ലപ്പെട്ടതെന്ന് പോലീസ് വാദിക്കുന്നു.

അതേസമയം, തൗസീഫിനെ ലക്ഷ്യമിട്ട് പോലീസ് നടത്തിയ ആക്രമണമായിരുന്നു ഇതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

Top