പെരുമ്പാവൂര്‍: ആശാവര്‍ക്കറോട് മോശമായി സംസാരിച്ചുവെന്ന പരാതിയില്‍ പൊലീസ് താക്കീത് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍. വെങ്ങോല പഞ്ചായത്തിലെ ടാങ്ക് സിറ്റി മണപ്പറമ്പ് മാലിലെ എഎം രമേശ് എന്ന നാല്‍പ്പതുകാരനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വെങ്ങോല തേക്കേമലയില്‍ പറമടയ്ക്ക് സമീപത്താണ് രമേശിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രമേശിന്റെ കുടുംബാഗങ്ങള്‍ അടുത്തിടെ കൊവിഡ് ബാധിതരായിരുന്നു. അതിനെ തുടര്‍ന്ന് രമേശ് ക്വാറന്റീനിലായിരുന്നു. അതിനിടെ വാക്‌സിനേഷന്‍ സംബന്ധിച്ച് സ്ഥലത്തെ ആശാവര്‍ക്കറുമായി തര്‍ക്കം ഉണ്ടായി.
ഇതിനെ തുടര്‍ന്ന് ആശാവര്‍ക്കറുടെ പരാതിയില്‍ ഇയാളെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നു. ഓട്ടോ ഡ്രൈവറായും തെങ്ങുകയറ്റ തൊഴിലാളിയായുമാണ് ഇയാള്‍ ഉപജീവനം നടത്തിയിരുന്നത്.