വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയുടെ ഓപ്പണറാകുന്നത് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരം കളിക്കുന്ന യുവതാരം യശസ്വി ജയ്‌സ്‌വാള്‍. യശസ്വി ജയ്‌സ്വാള്‍ ഓപ്പണറായി കളിക്കുമെന്ന കാര്യം ക്യാപ്റ്റന്‍ രോഹിത് ശര്‍മ സ്ഥിരീകരിച്ചു. അതേസമയം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ കളിക്കുമോയെന്നു വ്യക്തമല്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം യശസ്വി ഓപ്പണിങ് ചെയ്യുമ്പോള്‍, ഫോമിലുള്ള ബാറ്റര്‍ ശുഭ്മന്‍ ഗില്ലിന് ബാറ്റിങ് ക്രമത്തില്‍ താഴേക്ക് ഇറങ്ങേണ്ടിവരും. ഗില്ലിന് പിന്നിലായിരിക്കും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും അജിന്‍ക്യ രഹാനെയും ബാറ്റിങ്ങിന് ഇറങ്ങുക.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിലടക്കം ഇന്ത്യയ്ക്കായി വിക്കറ്റ് കാത്ത ശ്രീകര്‍ ഭരത് തന്നെ ഡൊമീനിക്കയിലെ ആദ്യ ടെസ്റ്റിലും കീപ്പറാകാനാണു സാധ്യത. ഈ വര്‍ഷം ഇന്ത്യ കളിച്ച അഞ്ച് മത്സരങ്ങളിലും ഭരത് ആയിരുന്നു വിക്കറ്റ് കീപ്പര്‍. പക്ഷേ ബാറ്ററെന്ന നിലയില്‍ ഒരു കളിയിലും തിളങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിസിസിഐ ഇഷാന്‍ കിഷനെ കീപ്പര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നത്. ആദ്യ ടെസ്റ്റില്‍ രണ്ട് സ്പിന്നര്‍മാര്‍ കളിക്കുമെന്ന് രോഹിത് ശര്‍മ പറഞ്ഞിട്ടുണ്ട്. ഇതോടെ ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബോളര്‍ ആര്‍. അശ്വിനും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഒരുമിച്ച് ഇറങ്ങുമെന്ന് ഉറപ്പായി.