ആലപ്പുഴ: തുമ്പോളിയിലെ കുറ്റിക്കാട്ടിൽനിന്നു കണ്ടെത്തിയ നവജാതശിശു തന്റേതുതന്നെയന്ന് സമ്മതിച്ച് യുവതി. തുമ്പോളി സ്വദേശിയായ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെയും കുഞ്ഞിന്റെയും ഡിഎൻഎ പരിശോധന നടത്തും. ആലപ്പുഴ ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ് കുഞ്ഞും യുവതിയും.
വെള്ളിയാഴ്ച രാവിലെയാണു തുമ്പോളി വികസനം ജങ്ഷനുസമീപം, ജനിച്ചയുടനെ ഉപേക്ഷിച്ചനിലയിൽ പെൺകുഞ്ഞിനെ കണ്ടെത്തിയത്. ആക്രിസാധനങ്ങൾ പെറുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ ഇടപെട്ട് കടപ്പുറം വനിതാശിശു ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ചെന്നു കരുതിയ യുവതിയെ കണ്ടെത്തിയിരുന്നു. എന്നാൽ ആദ്യം ഇവർ തന്റെ കുഞ്ഞല്ല ഇതെന്ന നിലപാട് സ്വീകരിച്ചത്. കുട്ടിയ്ക്ക് മുലപ്പാൽ കൊടുക്കാനും യുവതി വിസ്സമ്മതിച്ചിരുന്നു. യുവതി പ്രസവിച്ചതായി ഡോക്ടർമാർ ഇന്നലെ സ്ഥിരീകരിച്ചിരുന്നു.