കോട്ടയം: പാലായില്‍ യുവതിയെ ഭര്‍തൃവീടിന് സമീപത്തെ പുരയിടത്തിലെ ഉപയോഗ്യ ശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോടനാല്‍ സ്വദേശിയായ രാജേഷിന്റെ ഭാര്യ ദൃശ്യയെ(28) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദൃശ്യയുടെ ശരീരമാസകലം പൊള്ളലേറ്റ പാടുകളുണ്ട്. സഹോദരിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ദൃശ്യയുടെ സഹോദരന്‍ മണി ആരോപിച്ചു.
തീ കൊളുത്തിയ ശേഷം ദൃശ്യ കിണറ്റില്‍ ചാടിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഏലപ്പാറ ചിന്നാര്‍ സ്വദേശിയായ ദൃശ്യയും രാജേഷും തമ്മില്‍ നാല് വര്‍ഷം മുമ്പാണ് വിവാഹിരായത്. ഇവര്‍ക്ക് കുട്ടികളില്ല. ദൃശ്യ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി ഭര്‍തൃ വീട്ടുകാര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.
ദൃശ്യ കഴിഞ്ഞ ആഴ്ച ചിന്നാറിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് തിരികെ വരുമ്പോള്‍ ബന്ധുക്കളെ കൂട്ടണമെന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച ദൃശ്യ ഒറ്റയ്ക്കാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇതോടെ ദൃശ്യയുടെ കുടുംബാംഗങ്ങളെ അന്നുതന്നെ ഭര്‍തൃവീട്ടുകാര്‍ വിളിച്ചുവരുത്തി, ഇരുവീട്ടുകാരും ചര്‍ച്ച നടത്തിയിരുന്നു.
തിങ്കളാഴ്ച 2.30 ഓടെയാണ് ദൃശ്യയെ വീട്ടില്‍ നിന്നും കാണാതാവുന്നത്. തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ പൊലീസില്‍ പാരാതി നല്‍കി. അന്വേഷണത്തിനിടെയാണ് അയല്‍വാസിയുടെ പുരയിടത്തിലെ കിണറില്‍ നിന്നും ദൃശ്യയുടെ മൃതദേഹം കണ്ടെത്തുന്നത്. കിണറിന് സമീപത്ത് ടോര്‍ച്ച് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിണറ്റിനുള്ളില്‍ നിന്നും കണ്ടെത്തിയത്. പിന്നീട് പൊലീസും അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
എന്നാല്‍ തന്റെ സഹോദരി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ദൃശ്യയുടെ സഹോദരന്‍ പറയുന്നത്. ദൃശ്യ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സഹോദരന്‍ മണി ആരോപിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സഹോദരിയെ കണ്ട് മടങ്ങിത്. ഏലപ്പാറയിലെത്തിയപ്പോഴേക്കും മരണ വാര്‍ത്ത അറിഞ്ഞു. ഉച്ചവരെ അവള്‍ക്ക് യാതൊരു വിഷമങ്ങളും ഉണ്ടായിരുന്നില്ല. അവള്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. മദ്യപാനികളായ ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനും സഹോദരിയെ ഉപദ്രവിക്കാറുണ്ടായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് മണി ആവശ്യപ്പെട്ടു. ദൃശ്യയുടെ മരണത്തില്‍ പാലാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.