യുവതിയെ കൊന്ന് മൃതദേഹം റെയില്‍വേപാളത്തില്‍ ഉപേക്ഷിച്ചു; കാമുകന്‍ അറസ്റ്റില്‍

സൂറത്ത്: യുവതിയെ കൊന്ന് മൃതദേഹം റെയില്‍വേപാളത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയും ഗുജറാത്തിലെ സൂറത്ത് മാണ്ഡവിയില്‍ താമസക്കാരനുമായ വിനയ് റായി(38)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹം കഴിച്ചില്ലെങ്കില്‍ തനിക്കെതിരെ പീഡന പരാതി നല്‍കുമെന്ന ഭയത്തിലാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി.

ദിവസങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയിലെ റെയില്‍വേപാളത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മുഖം കുത്തിക്കീറി, തൊലിനീക്കി വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് സംഘം യുവതിയും കാമുകനും സൂറത്തില്‍ നിന്ന് വന്നവരാണെന്ന് കണ്ടെത്തി.

തുടര്‍ന്ന് സൂറത്ത് പൊലീസിന് വിവരം കൈമാറുകയും പ്രതിയെ കൈയോടെ പിടികൂടുകയുമായിരുന്നു. വിനയ് റായിയും കൊല്ലപ്പെട്ട യുവതിയും ബിഹാര്‍ സ്വദേശികളാണ്. ഭാര്യയും രണ്ട് കുട്ടികളുമുള്ള ഇയാള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നു. സൂറത്തിലെ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന യുവാവ് പത്ത് ദിവസം മുമ്പാണ് കാമുകിയെ ബിഹാറില്‍ നിന്ന് ഗുജറാത്തിലേക്ക് കൊണ്ടുവന്നത്.

കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി യുവതിയെ കൂട്ടിക്കൊണ്ടുവന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കൊല്ലപ്പെട്ട യുവതിക്ക് നേരത്തെ മറ്റൊരാളുമായി പ്രണയമുണ്ടായിരുന്നതായും ഇയാള്‍ക്കെതിരേ പിന്നീട് പീഡന പരാതി നല്‍കിയതായും പ്രതി അറിഞ്ഞിരുന്നു. വിവാഹം കഴിച്ചില്ലെങ്കില്‍ തനിക്കെതിരേയും യുവതി പീഡന പരാതി നല്‍കുമെന്ന് വിനയ് റായിയെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

സൂറത്തില്‍ എത്തിച്ച യുവതിയെ തീവണ്ടിമാര്‍ഗമാണ് മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയത്. നന്ദുര്‍ബാറില്‍ തീവണ്ടി ഇറങ്ങിയ ശേഷം യുവതിയെ ഉള്‍പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ച് ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ ബ്ലേഡ് ഉപയോഗിച്ച് മുഖം കുത്തിക്കീറി വികൃതമാക്കുകയും മുഖത്തെ തൊലി നീക്കം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം റെയില്‍വേപാളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

കൃത്യം നടത്തിയ ശേഷം പ്രതി സൂറത്തില്‍ തിരികെ എത്തിയെന്നും ഫാക്ടറിയിലെ ജോലി തുടര്‍ന്നെന്നുമാണ് പൊലീസ് പറയുന്നത്. ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു യുവാവിന്റെ പെരുമാറ്റം. എന്നാല്‍ മഹാരാഷ്ട്ര പൊലീസില്‍ നിന്ന് വിവരം ലഭിച്ചതോടെ സൂറത്ത് പൊലീസ് പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.

 

Top