വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ ചരിത്രമെഴുതി ദക്ഷിണ കൊറിയന്‍ താരം കേസി ഫെയര്‍. വനിതാ ലോകകപ്പില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കേസി ഫെയര്‍ മാറി. 16 വയസ്സും 26 ദിവസവുമാണ് കേസിയുടെ പ്രായം. കൊളംബിയയ്ക്കെതിരെ നടന്ന മത്സരത്തില്‍ പകരക്കാരിയായാണ് കേസി ഫെയര്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.
നൈജീരിയന്‍ താരം ഇഫിയാനി ചിജിയെ മറികടന്നാണ് കേസി ഫെയര്‍ ഈ നേട്ടം സ്വന്തമാക്കിയത്. 1999 ലോകകപ്പില്‍ കളിക്കുമ്പോള്‍ 16 വയസ്സും 34 ദിവസവുമായിരുന്നു ഇഫിയാനിയുടെ പ്രായം. ഈ റെക്കോര്‍ഡാണ് കേസി തിരുത്തിക്കുറിച്ചത്. സിഡ്നിയില്‍ നടന്ന മത്സരത്തിന്റെ 78-ാം മിനിറ്റിലാണ് കേസി ഫെയര്‍ തന്റെ അരങ്ങേറ്റം കുറിച്ചത്.
🆕 record alert! 🇰🇷@TheKFA‘s Casey Phair is the youngest ever player to make a #FIFAWWC appearance (16 years 26 days).
— FIFA Women’s World Cup (@FIFAWWC) July 25, 2023
അമേരിക്കന്‍ പിതാവിനും കൊറിയന്‍ അമ്മയ്ക്കും ജനിച്ച ഫെയര്‍, സീനിയര്‍ ദക്ഷിണ കൊറിയന്‍ വനിതാ ഫുട്‌ബോള്‍ ടീമില്‍ ഇടം നേടുന്ന ആദ്യ മിക്‌സഡ് വംശജയാണ്. 2023 ഫിഫ വനിതാ ലോകകപ്പിനുള്ള വനിതാ ടീമിലേക്ക് തെരഞ്ഞെടുക്കുന്നതിന് മുമ്പ് ഫെയര്‍ ദക്ഷിണ കൊറിയയുടെ അണ്ടര്‍ 17 ടീമിനായി കളിച്ചിട്ടുണ്ട്. താജിക്കിസ്ഥാനെതിരെ രണ്ട് ഗോളുകളും ഹോങ്കോങ്ങിനെതിരെ മൂന്ന് ഗോളുകളും നേടി, അണ്ടര്‍ 17 ടീമിനെ 2024 AFC U-17 വനിതാ ഏഷ്യന്‍ കപ്പിന് യോഗ്യത നേടിക്കൊടുത്തതില്‍ പ്രധാന പങ്ക് വഹിച്ചു.
”അവസരം ലഭിക്കാന്‍ താരം അര്‍ഹയായിരുന്നു, ഫെയര്‍ നന്നായി പരിശീലിച്ചു, സീനിയര്‍ താരങ്ങളെ പോലെ തന്നെ മികച്ചതാണ്, ഫെയര്‍ ടീമിന്റെ ഭാവിയാണ് എന്നതിന്റെ സൂചന കൂടിയാണിത്” ദക്ഷിണ കൊറിയയുടെ ഇംഗ്ലീഷ് കോച്ച് കോളിന്‍ ബെല്‍ പറഞ്ഞു. മുമ്പ് യുഎസ് ദേശീയ ടീമിന്റെ യൂത്ത് സ്‌ക്വാഡുകളില്‍ കേസി ഫെയര്‍ ഉള്‍പ്പെട്ടിരുന്നു. അതേസമയം, ഓസ്ട്രേലിയയിലെ സിഡ്നി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് എച്ച് പോരാട്ടത്തില്‍ കൊളംബിയക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ദക്ഷിണ കൊറിയ പരാജയപ്പെട്ടു.